ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം… അധ്യാപകർക്കെതിരെ…

കർണാടക: ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കർണാടകയിലെ ബാഗൽകോട്ടിലാണ് സംഭവം. ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും ചേർന്ന് ചൂരൽ കൊണ്ട് മർദ്ദിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. മുതുകിലും കാലുകളിലും മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ബാഗൽകോട്ട് ജില്ലയിലെ നാവലഗിയിലെ റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
അസുഖബാധിതനായതിനാൽ കുട്ടി രണ്ട് ദിവസമായി സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ സ്കൂളിൽ തിരിച്ചെത്തിയപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക വിജയലക്ഷ്മിയും പ്രധാനാധ്യാപകൻ അംബിയും കുട്ടിയെ ചോദ്യം ചെയ്തത്. പിന്നാലെ ചൂരൽ കൊണ്ട് മർദ്ദിച്ചെന്നാണ് പരാതി. മുതുകിലും കാലുകളിലും അടിയേറ്റ പാടുകളുമായാണ് കുട്ടി വീട്ടിലെത്തിയത്. വിവരം അറിഞ്ഞ രക്ഷിതാക്കൾ മർദ്ദനമേറ്റ് അവശനായ കുട്ടിയെ ജംഖണ്ഡിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രബകവി ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ക്ലാസ് ടീച്ചർ വിജയലക്ഷ്മിക്കും പ്രധാനാധ്യാപകനുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




