കേരളത്തിലെ സീറ്റുകൾ 30 ആയി ഉയരും…. മണ്ഡല പുനർനിർണ്ണയത്തിൽ വിശദീകരണവുമായി അമിത് ഷാ

വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ലോക്സഭയിൽ മറുപടി നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണേന്ത്യയിലെ എംപിമാരുടെ ആകെ എണ്ണം നിലവിലെ 129-ൽ നിന്ന് 195 ആയി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി ഉയരും. ലോക്സഭയിലെ കേരളത്തിന്റെ വിഹിതം 3.68 ശതമാനത്തിൽ നിന്ന് 3.67 ശതമാനമായി നേരിയ മാറ്റത്തോടെ തുടരും. തമിഴ്നാട്ടിലെ സീറ്റുകൾ 39-ൽ നിന്ന് 59 ആയി വർദ്ധിക്കും. സംസ്ഥാനത്തിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി ഉയരും. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ നിലവിലെ അനുപാതം 23.76 ശതമാനത്തിൽ നിന്ന് 23.87 ശതമാനമായി മെച്ചപ്പെടും.
യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മണ്ഡല പുനർനിർണ്ണയ ചട്ടങ്ങളാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്ത് ഉടൻ തന്നെ ജാതി സെൻസസ് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു തരത്തിലുള്ള തിരിച്ചടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ താൻ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.



