ആശുപത്രിയിലെന്ന് പറഞ്ഞ് ബസ് സ്റ്റാൻഡിലിരുത്തി…. ആലപ്പുഴ സ്വദേശിനിയായ വയോധികയെ എറണാകുളത്ത് ഉപേക്ഷിച്ച നിലയിൽ…

എറണാകുളം: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വയോധികയെ ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി കമലാക്ഷിയെയാണ് ഇന്ന് രാവിലെ മുതൽ സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ തനിച്ചായ നിലയിൽ കണ്ടെത്തിയത്. രാത്രിയായിട്ടും ആരും വരാതിരുന്നതോടെ കെഎസ്ആർടിസി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനെന്ന് പറഞ്ഞാണ് തന്നെ ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പോലീസിനോട് പറഞ്ഞത്. എന്നാൽ രാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരുന്നിട്ടും ബന്ധുക്കൾ ആരും തിരികെ എത്തിയില്ല. കെഎസ്ആർടിസി ജീവനക്കാരുടെ അറിയിപ്പ് അനുസരിച്ച് രാത്രിയോടെ സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് വയോധികയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് നടത്തിയ അന്വേഷണത്തിൽ വയോധികയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തി കമലാക്ഷിയെ കൂട്ടിക്കൊണ്ടുപോകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.



