വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ സമസ്ത

മലപ്പുറം: മലപ്പുറത്ത് നാളെ നടത്താനിരുന്ന ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ സമസ്ത നേതൃത്വം ഇടപെട്ടു. സമ്മേളന സംഘാടക സമിതിക്ക് സമസ്ത നേതൃത്വം കത്ത് നൽകി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്നാണ് നിർദേശം. സമസ്ത മുശാവറ ഈ മാസം 23ന് ചേരാനിരിക്കുകയാണ്. യോഗത്തിൽ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം ഉറപ്പ് നൽകി.

വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സംഘാടക സമിതിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമ്മേളനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ സംഘാടക സമിതി ഉടൻ യോഗം ചേരും. മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പരാമർശങ്ങളാണ് പുതിയ വിവാദത്തിന് വഴിവച്ചത്. യുഡിഎഫ് സർക്കാരിന്റെയും മുസ്‍ലിം ലീഗിന്റെയും വഖഫ് വിഷയത്തിലെ നിലപാടുകളെ അദ്ദേഹം വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് വഖഫ് വിശദീകരണ സമ്മേളനം സംഘടിപ്പിക്കാൻ ലീഗ് അനുകൂല വിഭാഗം തീരുമാനിച്ചത്.

ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം സമസ്ത മുശാവറ പരിശോധിക്കുമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘടനാ നിലപാടുകൾക്ക് വിരുദ്ധമായ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പുതിയ സമ്മേളനം സമസ്തയുടെ ഔദ്യോഗിക പരിപാടിയല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വം നേരിട്ട് ഇടപെട്ടിരിക്കുന്നത്.

Related Articles

Back to top button