മണ്ണിനടിയിൽ കുഴിച്ചിട്ടത് 2,000 അടിവസ്ത്രങ്ങൾ; രണ്ട് മാസത്തിന് ശേഷം പുറത്തെടുത്തപ്പോൾ കണ്ടത്..

മണ്ണിന്റെ ആരോഗ്യം അറിയാൻ സാധാരണയായി ലബോറട്ടറി പരിശോധനകളാണ് നടത്താറുള്ളത്. എന്നാൽ സ്വിറ്റ്സർലൻഡിൽ ശാസ്ത്രജ്ഞർ ഇതിനായി തിരഞ്ഞെടുത്ത മാർഗം കേട്ടാൽ ആദ്യം കൗതുകം തോന്നും. വിവിധ പ്രദേശങ്ങളിലായി 2,000-ത്തിലധികം കോട്ടൺ അടിവസ്ത്രങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ടായിരുന്നു പരീക്ഷണം. രണ്ട് മാസത്തിന് ശേഷം ഇവ പുറത്തെടുത്തപ്പോൾ ചിലത് ഏതാണ്ട് പൂർണമായും അഴുകി തുന്നലുകൾ മാത്രം ശേഷിച്ചപ്പോൾ, മറ്റു ചിലതിൽ ചെറിയ ദ്വാരങ്ങൾ മാത്രമാണ് രൂപപ്പെട്ടിരുന്നത്. മണ്ണിനടിയിലെ ജീവജാലങ്ങളുടെ പ്രവർത്തനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ഈ അസാധാരണ പരീക്ഷണത്തിന്റെ ലക്ഷ്യം.
‘പ്രൂഫ് ബൈ അണ്ടർപാന്റ്സ്’ എന്ന പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പ്ലാന്റ്സ് , പീപ്പിൾ , പ്ലാനറ്റ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. സ്വിറ്റ്സർലൻഡിലെ സ്വകാര്യ പൂന്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുൽമേടുകൾ, പുൽത്തകിടികൾ തുടങ്ങി വിവിധതരം ഭൂമികളിലായിരുന്നു കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചിട്ടത്. കോട്ടൺ മണ്ണിനടിയിൽ എത്ര വേഗത്തിൽ വിഘടിക്കുന്നു എന്നതിലൂടെ മണ്ണിലെ ജൈവപ്രവർത്തനത്തിന്റെ തോത് ഏകദേശമായി മനസ്സിലാക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ബാക്ടീരിയ, ഫംഗസ്, മണ്ണിരകൾ തുടങ്ങി വിവിധ ജീവജാലങ്ങൾ സജീവമായി പ്രവർത്തിക്കുന്ന മണ്ണിൽ കോട്ടൺ വേഗത്തിൽ വിഘടിക്കും. മറിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അടിവസ്ത്രത്തിൽ കാര്യമായ മാറ്റമില്ലെങ്കിൽ മണ്ണിലെ ജൈവപ്രവർത്തനം താരതമ്യേന കുറവായിരിക്കാമെന്ന സൂചനയാണ് ലഭിക്കുക. അതേസമയം, കോട്ടൺ വേഗത്തിൽ അഴുകുന്നത് മാത്രം മണ്ണ് പൂർണമായും ആരോഗ്യകരമാണെന്നതിന് തെളിവല്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
പരീക്ഷണത്തിൽ സ്വകാര്യ പൂന്തോട്ടങ്ങളിലാണ് അടിവസ്ത്രങ്ങൾ ഏറ്റവും വേഗത്തിൽ വിഘടിച്ചത്. രണ്ട് മാസത്തിനുള്ളിൽ ശരാശരി 58 ശതമാനം കോട്ടൺ ഇവിടെ അഴുകിയതായി കണ്ടെത്തി. മണ്ണിരകൾ, ഫംഗസുകൾ, ബാക്ടീരിയകൾ തുടങ്ങിയ ജീവികളുടെ സജീവ സാന്നിധ്യത്തിനൊപ്പം മണ്ണിലെ ഉയർന്ന ജൈവകാർബണും പോഷകങ്ങളും ഇതിന് കാരണമാകാമെന്നാണ് നിഗമനം.
അതേസമയം, പുൽത്തകിടികളിലാണ് കോട്ടൺ ഏറ്റവും കുറച്ച് വിഘടിച്ചത്. ഇവിടെ രണ്ട് മാസത്തിനിടെ ശരാശരി 40 ശതമാനം കോട്ടൺ മാത്രമാണ് അഴുകിയത്. ഒരേ ഇനം പുല്ലുകൾ മാത്രം വളരുന്ന പുൽത്തകിടികളിൽ മണ്ണിലെ ജൈവപ്രവർത്തനം താരതമ്യേന കുറവായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മണ്ണ് എങ്ങനെ ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ് കോട്ടൺ വിഘടനത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകങ്ങളിലൊന്നെന്നും ഗവേഷകർ കണ്ടെത്തി.
ഇതോടൊപ്പം 12,000 ടീബാഗുകളും രാജ്യത്തിന്റെ വിവിധതരം ഭൂപ്രദേശങ്ങളിൽ കുഴിച്ചിട്ടിരുന്നു. അഞ്ച് വർഷം മുമ്പ് നടത്തിയ സമാന പരീക്ഷണത്തിൽ ഏകദേശം 1,000 സന്നദ്ധപ്രവർത്തകർ പങ്കെടുത്തിരുന്നു. ഇത്തവണ കോട്ടൺ അടിവസ്ത്രങ്ങളും ടീബാഗുകളും ഉപയോഗിച്ചുള്ള പരിശോധനയിൽ ഏകദേശം സമാനമായ പ്രവണതകളാണ് കണ്ടെത്തിയത്. മണ്ണിലെ ജൈവപ്രവർത്തനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമായിരുന്നു.
എന്നാൽ മണ്ണിൽ കൂടുതൽ ജീവജാലങ്ങളുടെ പ്രവർത്തനം കാണപ്പെടുന്നത് മാത്രം നല്ല മണ്ണിന്റെ സൂചനയായി കാണാനാകില്ലെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ പൂന്തോട്ടങ്ങളിൽ ഫോസ്ഫറസ്, നൈട്രജൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അളവ് കൂടുതലായിരുന്നു. വളപ്രയോഗമാണ് ഇതിന് പ്രധാന കാരണമെന്നാണ് കരുതുന്നത്. എന്നാൽ പോഷകങ്ങളുടെ അളവ് അമിതമായാലും മണ്ണിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കാം.
ചില സ്വകാര്യ പൂന്തോട്ടങ്ങളിൽ ഫോസ്ഫറസിന്റെ അളവ് ശുപാർശ ചെയ്യുന്ന പരിധിയേക്കാൾ വളരെ കൂടുതലായിരുന്നുവെന്നും പഠനം കണ്ടെത്തി. ഇത് സമീപ ജലാശയങ്ങളുടെയും പ്രാദേശിക ജൈവവൈവിധ്യത്തിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അടിവസ്ത്രമോ ടീബാഗോ എത്രമാത്രം അഴുകിയെന്ന് നോക്കുന്നത് മണ്ണിന്റെ ജൈവപ്രവർത്തനത്തെക്കുറിച്ചുള്ള ഒരു സൂചന മാത്രമാണ്. മണ്ണിന്റെ സമഗ്ര ആരോഗ്യം വിലയിരുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.
ആഗോള ഭക്ഷ്യോൽപാദനത്തിന്റെ പ്രധാന അടിത്തറയായ മേൽമണ്ണ് ജീവവൈവിധ്യത്തിനും പ്രകൃതിയുടെ വിവിധ പ്രവർത്തനങ്ങൾക്കും നിർണായകമാണ്. സമുദ്രങ്ങൾക്ക് ശേഷം ഭൂമിയിലെ ഏറ്റവും വലിയ കാർബൺ സംഭരണികളിലൊന്നും മണ്ണാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മണ്ണിന്റെ ഗുണനിലവാരം അതിവേഗം കുറയുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ, ശാസ്ത്രീയ പരിശോധനകൾക്കൊപ്പം പൊതുജനങ്ങളുടെ ശ്രദ്ധ മണ്ണിന്റെ സംരക്ഷണത്തിലേക്ക് കൊണ്ടുവരാനും ഇത്തരം കൗതുകകരമായ പരീക്ഷണങ്ങൾക്ക് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.




