നാളെ ബാങ്ക് പണിമുടക്ക്; തുടർച്ചയായുള്ള ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും..

ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കിൽ മാറ്റമില്ല. ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങളെ അവധി തുടർച്ചയായി ബാധിച്ചേക്കും.
പണിമുടക്കിന് പിന്നാലെ ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്ന കാലയളവ് നാല് ദിവസമായി നീളാനും സാധ്യതയുണ്ട്. അതിനാൽ ചെക്ക് നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള ശാഖാ സേവനങ്ങൾ ആവശ്യമായവർ പ്രധാന ഇടപാടുകൾ ഇന്ന് തന്നെ പൂർത്തിയാക്കുന്നതാണ് ഉചിതം.
അതേസമയം എടിഎം സേവനങ്ങൾക്കും യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾക്കും സാധാരണ നിലയിൽ തുടരാനാണ് സാധ്യത.



