ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് ആലോചന. നെയ്യുടെ അളവ് അറിയാൻ ഇൻഡക്സ് മീറ്ററും പുറത്തുനിന്ന് തന്നെ അളവ് കാണാൻ കഴിയുന്ന സംവിധാനവും പുതിയ ടാങ്കുകളിൽ ഒരുക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യുടെ വരവും ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ”ക്ഷേത്രത്തിൽ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്നിവ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്” അദ്ദേഹം പറഞ്ഞു.



