പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്’; ലൈംഗികാരോപണ കേസിൽ പുതിയ വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്ത്. പരാതിക്കാരായ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് താരം തുറന്ന് സമ്മതിച്ചു.
കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും നിയമനടപടികൾ തുടരണമെന്നും താൻ മുമ്പ് കരുതിയിരുന്നുവെന്നും വിനേഷ് വ്യക്തമാക്കി. ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രീംകോടതി മാർഗനിർദേശങ്ങൾ മാനിച്ചാണ് ഇതുവരെ മൗനം പാലിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങളാണ് ഈ വെളിപ്പെടുത്തലിന് കാരണമായതെന്ന് അവർ കൂട്ടിച്ചേർത്തു.
‘ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇന്നത്തെ ചില സാഹചര്യങ്ങൾ കാരണമാണ് ഈ വെളിപ്പെടുത്തൽ. പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്. ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്’– സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വിനേഷ് വ്യക്തമാക്കി.
ഇതിനിടെ, റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള തീരുമാനം എടുത്തതും വിവാദമായി. ബ്രിജ് ഭൂഷണിന്റെ സ്വാധീനമുള്ള പ്രദേശത്തും അദ്ദേഹവുമായി ബന്ധമുള്ള സ്വകാര്യ കോളജിലും ട്രയൽസ് നടത്തുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നതെന്ന് വിനേഷ് ആരോപിച്ചു.




