മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ മെമ്പർ എന്നാക്കി; ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഫേസ്ബുക്ക് ബയോയിൽ മുഖ്യമന്ത്രി എന്നത് തിരുത്തി പിണറായി വിജയൻ. മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ അംഗം എന്നാണ് ആക്കിയത്. ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി സർക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇരു മുന്നണികളും വലിയ പ്രതീക്ഷയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു. വികസന പദ്ധതികൾ എൽഡിഎഫിന് മുതൽക്കൂട്ടാവുമെന്നും എൽഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും സിപിഎമ്മിനെതിരെ യുഡിഎഫ് ചട്ടുകമാക്കിയവർ ആരും ജയിക്കില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം എൽഡിഎഫിൻറെ അവകാശവാദം വോട്ടെണ്ണൽ വരെ മാത്രമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഇത്തവണ യുഡിഎഫ് ക്യാമ്പ് മോശമല്ലാത്ത കോൺഫിഡൻസിലാണെന്നും കണ്ണൂരിൽ ആറ് സീറ്റ് വരെ യുഡിഎഫ് പിടിച്ചെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.



