വയനാട് ടൗൺഷിപ്പിൽ പുനരധിവാസം വേഗത്തിൽ…. 17 വീടുകൾ കൂടി ഇന്ന് കൈമാറും…. ആകെ എണ്ണം 43 ആയി

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ടൗൺഷിപ്പിൽ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും. ആദ്യഘട്ടത്തിൽ 26 വീടുകൾ കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 178 വീടുകളിൽ നിർമ്മാണം പൂർത്തിയായവ മൂന്ന് ഘട്ടങ്ങളിലായി കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയാണ് കൈമാറുന്നത്. 102 വീടുകൾ ഇതിനോടകം മൂന്നാംഘട്ട പരിശോധനയ്ക്കായി തയ്യാറായിട്ടുണ്ട്. 178 വീടുകളിൽ 56 എണ്ണത്തിന്റെ രണ്ടാംഘട്ട പരിശോധനയും പൂർത്തിയായി. മെയ് പകുതിയോടെ ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും കൈമാറാൻ കഴിയുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ (ULCCS) വ്യക്തമാക്കി. മഴക്കാലം തുടങ്ങുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. നിർമ്മാണം പൂർത്തിയാക്കി ഊരാളുങ്കൽ കൈമാറുന്ന വീടുകളുടെ നടത്തിപ്പ് ചുമതല കിഫ് കോണിനാണ് (KIFCON).
വീടുകളുടെ താക്കോൽ കൈമാറ്റം നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ താമസം തുടങ്ങേണ്ടതില്ലെന്നാണ് ഗുണഭോക്താക്കളുടെ തീരുമാനം. ആദ്യഘട്ടത്തിലെ 178 വീടുകളും ഗുണഭോക്താക്കൾക്ക് ലഭിച്ച ശേഷം എല്ലാവരും ഒന്നിച്ച് താമസം ആരംഭിച്ചാൽ മതിയെന്ന് ദുരന്തബാധിതർ ഒരേസ്വരത്തിൽ വ്യക്തമാക്കി.



