രാഹുൽ ഗാന്ധി എവിടെ? വിദേശയാത്ര വിവാദം കത്തിനിൽക്കെ ‘മിസ്സിങ്’ പോസ്റ്ററുകൾ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ‘മിസ്സിങ്’ (കാണാനില്ല) എന്ന സന്ദേശത്തോടുകൂടിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ നഗരത്തിലെ പല പ്രദേശങ്ങളിലായി രാഹുലിന്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പോസ്റ്ററുകൾ സ്ഥാപിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ ചൊല്ലി ബിജെപി തുടർച്ചയായി വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പുതിയ പോസ്റ്റർ വിവാദം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധി ‘ലീഡർ ഓഫ് ഒപ്പോസിഷൻ’ (LoP) അല്ല, മറിച്ച് ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ ആണെന്നായിരുന്നു ഷെഹ്സാദ് പൂനാവാലയുടെ പരിഹാസം. രാജ്യത്തെയോ ജനങ്ങളെയോ പാർലമെന്റിനെയോ അല്ല, വിദേശയാത്രകളെയാണ് അദ്ദേഹം കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതെന്നും കോൺഗ്രസിന് അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായ ഘട്ടങ്ങളിൽ പോലും വിദേശത്തേക്ക് പോകാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റ് സമ്മേളന കാലത്തുപോലും രാഹുൽ ഗാന്ധി പലപ്പോഴും വിദേശത്തായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 9,000-ത്തിലധികം ദിവസം പൊതുജീവിതത്തിൽ രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും അതാണ് യഥാർഥ പൊതുസേവനമെന്നും പൂനാവാല പറഞ്ഞു. വിദേശയാത്രകൾ കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായി തുടരുന്ന വ്യക്തിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന പരിഹാസവും അദ്ദേഹം ഉയർത്തി.

അതേസമയം, രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾക്കുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ബിജെപി നേതാവ് ചോദ്യങ്ങൾ ഉയർത്തി. വിദേശയാത്രകൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്നും അതിന്റെ ഉറവിടം വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു ആരോപണം. കൂടാതെ, ഇന്ത്യാവിരുദ്ധ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകളുടെ പിന്തുണയാണ് യാത്രകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പോസ്റ്ററുകൾ സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ കോൺഗ്രസിന്റെ പ്രതികരണവും ലഭ്യമായിട്ടില്ല.

Related Articles

Back to top button