മോണാലിസയ്ക്കും ഫർമാൻ ഖാനും തുണയായി രാഹുൽ ഈശ്വർ…. ഇന്ത്യ ആരുടെയും തറവാട് സ്വത്തല്ലെന്ന് ഓർമ്മപ്പെടുത്തൽ

രാജ്യശ്രദ്ധയാകർഷിച്ച മോണാലിസ-ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് രാഹുൽ ഈശ്വർ. കേരളത്തിൽ അഭയം തേടിയെത്തിയ കമിതാക്കൾക്ക് ആവശ്യമായ നിയമോപദേശം നൽകിയതായും അവരെ പിന്തുടർന്നെത്തിയ മധ്യപ്രദേശ് പോലീസിനോട് കൃത്യമായ നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും വ്യക്തമാക്കിയ മോണാലിസ ഇപ്പോൾ കേരള പോലീസിന്റെ സംരക്ഷണം തേടിയിരിക്കുകയാണ്. തനിക്ക് 18 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി. പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യം.
കമിതാക്കൾ തന്നെ സമീപിച്ചപ്പോൾ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഇന്ത്യ എല്ലാവരുടെയും അച്ഛന്റെയും അമ്മയുടെയും വകയാണെന്ന ബോധ്യം വേണമെന്നും, വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം കഴിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിനായി കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥരോട് വസ്തുതകൾ വിശദീകരിച്ചതായും കമിതാക്കൾ നിയമപരമായി ഹൈക്കോടതിയെ സമീപിക്കുമെന്ന വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എന്നും കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് രാഹുൽ ഈശ്വർ ഓർമ്മിപ്പിച്ചു. ഗാന്ധിജിയെയും ഭാരതത്തെയും സ്തുതിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പ് അവസാനിപ്പിച്ചത്.



