സിഐടിയു ഡല്‍ഹി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു… നോയിഡയില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രതിനിധി സംഘം

ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലാളി പ്രക്ഷോഭത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ സി.പി.ഐ.എം പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, എം.പിമാരായ വി. ശിവദാസൻ, എ.എ റഹീം എന്നിവരുൾപ്പെട്ട സംഘത്തെയാണ് ഡൽഹി-യു.പി അതിർത്തിയിൽ വെച്ച് പോലീസ് തടഞ്ഞത്. ഇത് പ്രദേശത്ത് വലിയ നാടകീയ രംഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.

തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേറ്റിനെ കാണാൻ എത്തിയതായിരുന്നു സി.പി.ഐ.എം നേതാക്കൾ. പോലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് വഴങ്ങുകയും കനത്ത സുരക്ഷയോടെ സംഘത്തെ കടത്തിവിടുകയും ചെയ്തു. എന്നാൽ വഴിമധ്യേ പോലീസ് ക്യാമ്പിലെത്തിച്ച് സമയം വൈകിപ്പിച്ചതായും നേതാക്കൾ ആരോപിച്ചു.

സി.പി.ഐ.എം സംഘത്തോടൊപ്പമുണ്ടായിരുന്ന സി.ഐ.ടി.യു ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് വീണ്ടും പ്രതിഷേധത്തിന് കാരണമായത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിൽ നേതാക്കൾ കുത്തിയിരുന്നതോടെ പോലീസ് പ്രവർത്തകരെ വിട്ടയച്ചു. നീണ്ട കാത്തിരിപ്പിന് ശേഷവും ജില്ലാ മജിസ്‌ട്രേറ്റ് സി.പി.ഐ.എം പ്രതിനിധി സംഘത്തെ കാണാൻ തയ്യാറായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് സംഘം മജിസ്‌ട്രേറ്റിന്റെ കാര്യാലയത്തിലേക്ക് പുറപ്പെട്ടത്.

നോയിഡയിലെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സി.പി.ഐ.എം നേതാക്കൾ വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ തടസ്സങ്ങൾക്കെതിരെ പാർട്ടി ഉന്നതതലത്തിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button