പിഎസ്‌സി പരീക്ഷ ക്രമക്കേട്… ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തലുമായി….

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുകളുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. പരീക്ഷാ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. എസ്.പി സിനി എഫ്. ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പി.എസ്.സിക്ക് സമർപ്പിച്ചിരുന്നു.

ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന ശിപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ഇന്ന് പി.എസ്.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് ചർച്ച ചെയ്തു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാർക്ക് സമർപ്പിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിടാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.

ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകാത്തതിനാൽ റിപ്പോർട്ട് സമർപ്പിക്കുന്നത് മാറ്റിവച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന ശിപാർശയോടെയാകും എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറുക. ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ആഭ്യന്തര വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിലപാട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതൽ ശാസ്ത്രീയ പരിശോധനകളും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നാണ് വിവരം.

Related Articles

Back to top button