‘വനിതാ സംവരണം വൈകിപ്പിക്കാൻ രാഷ്ട്രീയ നോട്ട് നിരോധനം’… മണ്ഡല പുനർനിർണയത്തിനെതിരെ ശശി തരൂർ

വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ശശി തരൂർ. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധിപ്പിച്ചത് ബിൽ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാണെന്ന് തരൂർ ആരോപിച്ചു. മണ്ഡല പുനർനിർണയം എന്നത് ഒരുതരം ‘രാഷ്ട്രീയ നോട്ട് നിരോധനമാണെന്നും’ അദ്ദേഹം പരിഹസിച്ചു.

നോട്ട് നിരോധനത്തിൽ കാണിച്ച വേഗത എന്തുകൊണ്ട് മണ്ഡല പുനർനിർണയ കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്ന് തരൂർ ചോദിച്ചു. മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും ശബ്ദം പാർലമെന്റിൽ കുറയാൻ കാരണമാകും. ഇത് ലോക്സഭയുടെയും രാജ്യസഭയുടെയും സന്തുലിതാവസ്ഥയെ തകർക്കും. വനിതാ സംവരണത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടുന്നതിനെ ശക്തമായി എതിർക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ആലോചിക്കാതെ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കരുത്. പാർലമെന്റ് അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്തിയാൽ അവർക്കെങ്ങനെ സംസാരിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിന്മേൽ ഭേദഗതി ചർച്ചകൾ നടക്കുമ്പോൾ തന്നെ 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത് വിചിത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലവിൽ എൻഡിഎയ്ക്ക് ലോക്സഭയിലില്ല. ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനാൽ തന്നെ ബിൽ ലോക്സഭ കടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

Related Articles

Back to top button