കുംഭമേള വൈറൽ താരത്തിന്റെ വിവാഹം…. ‘പ്രായരേഖകളിൽ തട്ടിപ്പ്’… രേഖകൾ പുറത്തുവിട്ട് രാഹുൽ ഈശ്വർ

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ രംഗത്ത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന മധ്യപ്രദേശ് പോലീസിന്റെ വാദം തെറ്റാണെന്നും പ്രായം തെളിയിക്കുന്ന രേഖകളിൽ തിരിമറി നടന്നിട്ടുണ്ടെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
പെൺകുട്ടിയുടെ അനിയന്റെ ജനന തീയതിയാണ് പെൺകുട്ടിയുടേതെന്ന പേരിൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരിക്കുന്നത്. അനിയന്റെ പ്രായം 16-ഉം പെൺകുട്ടിയുടേത് 16-ഉം ആകുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിലെ ‘ലഡ്ക’ (ആൺകുട്ടി) എന്നത് ‘ലഡ്കി’ (പെൺകുട്ടി) എന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ കാണിച്ചു. ഇതിലൂടെ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതായി പോലീസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തെക്കുറിച്ച് നടക്കുന്ന ‘ലൗ ജിഹാദ്’ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ദമ്പതികൾ നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പെൺകുട്ടിക്ക് കേരളത്തിൽ ജീവിക്കാനാണ് താൽപ്പര്യമെന്നും മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേരള ഹൈക്കോടതിയെയും മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിക്കാനാണ് നിലവിലെ ആലോചന. പോലീസിന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



