പൊലീസുകാരൻ സൂരജിന് രണ്ടാമത്തെ കാലും നഷ്ടമായി… സഹപ്രവർത്തകനും കാൽ നഷ്ടമായി

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാടിന് സമീപം ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ സിവിൽ പോലീസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിപിഒ ആയ സൂരജിന്റെ വലതുകാലാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്. ഇദ്ദേഹത്തിന്റെ ഇടതുകാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ജൂൺ 18-നായിരുന്നു കേരളാ പോലീസിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം നടന്നത്. പട്രോളിങ്ങിനിടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി നിൽക്കുകയായിരുന്ന സിപിഒമാരായ സൂരജ്, അലോഷ്യസ് മാത്യു എന്നിവരെ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടം നടന്നയുടൻ ഇരുവരേയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 20-നാണ് രണ്ട് പോലീസുകാരുടെയും ഇടതുകാലുകൾ മുറിച്ചുമാറ്റിയത്. ഇതിനുശേഷമാണ് സൂരജിന്റെ വലതുകാൽ കൂടി മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചത്. ഈ കാലിനും 70 ശതമാനത്തിലേറെ പരുക്കേറ്റിരുന്നു. രക്ഷപ്പെടുത്താൻ രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാലിന്റെ പരുക്ക് പരിഹരിക്കാനാകാത്ത വിധം ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇൻഫെക്ഷൻ ബാധിച്ച് പരുക്ക് മറ്റ് അവയവങ്ങളെക്കൂടി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് സൂരജിന്റെ വലതുകാലും മുറിച്ചുമാറ്റേണ്ടി വന്നത്. നിലവിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

ജില്ലാ പോലീസ് ആസ്ഥാനത്തെ ഫുട്‌ബോൾ ടീം അംഗം കൂടിയാണ് കാലുകൾ നഷ്ടപ്പെട്ട സൂരജ്. രണ്ട് കാലുകളും നഷ്ടപ്പെട്ടതോടെ ഇരുവർക്കും പോലീസിൽ തുടരാനുള്ള ശാരീരിക ക്ഷമത സാക്ഷ്യപത്രം ലഭിക്കില്ല. അതിനാൽ ഇരുവരുടെയും ഭാവി കണക്കിലെടുത്ത് സർക്കാർ മറ്റ് ഏതെങ്കിലും വകുപ്പിലേക്ക് ജോലി മാറ്റി നൽകണമെന്ന ആവശ്യം പോലീസുകാർക്കിടയിൽ നിന്നും പൊതുജനങ്ങൾക്കിടയിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. പരുക്കേറ്റ പോലീസുകാർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ ഉറപ്പുനൽകിയിരുന്നു.

Related Articles

Back to top button