‘പിണറായി എംഎൽഎ സ്ഥാനം രാജിവെക്കണം’….. പാർട്ടിയിൽ പുകഞ്ഞ് അമർച്ച…. ആഞ്ഞടിച്ച് പാറശ്ശാല ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന പരസ്യ നിലപാടുമായി പാറശ്ശാല ഏരിയാ സെക്രട്ടറി എസ്. അജയകുമാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് പിണറായിക്കെതിരെ അതീവ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സഖാക്കൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

​പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം. തോൽവിക്ക് കാരണക്കാരൻ താൻ തന്നെയാണെന്ന് പൊതുസമൂഹത്തോട് തുറന്നുപറയാനുള്ള മാന്യത പിണറായി കാണിക്കണമെന്നും, അദ്ദേഹം രാജിവെച്ച് മാതൃകയാകണമെന്നും കമ്മിറ്റിയിൽ ചർച്ചയുണ്ടായി. പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്ന രീതിയിലുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നു വന്നു. പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ കണ്ണടച്ച് നടപ്പിലാക്കാനുള്ള വെറും ‘തൊഴിലാളികൾ’ മാത്രമായി പാർട്ടി സഖാക്കൾ മാറിയെന്ന ആക്ഷേപവും അംഗങ്ങൾ ഉന്നയിച്ചു. മുമ്പ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് അരങ്ങേറിയ ‘കാരണഭൂതൻ’ തിരുവാതിര ഗാന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. അന്ന് വലിയ വിവാദത്തിന് വഴിതെളിച്ച മെഗാ തിരുവാതിര പരിപാടിയുടെ പ്രധാന സംഘാടകൻ കൂടിയായിരുന്നു ഇപ്പോൾ പിണറായിയുടെ രാജി ആവശ്യപ്പെട്ട ഏരിയാ സെക്രട്ടറി എസ്. അജയകുമാർ.


​കഴിഞ്ഞ സിപിഐഎം സമ്മേളനകാലത്ത് അഞ്ഞൂറോളം വനിതകളെ അണിനിരത്തി പാറശ്ശാലയിൽ നടത്തിയ മെഗാ തിരുവാതിരയിലായിരുന്നു പിണറായിയെ വാനോളം പുകഴ്ത്തിയത്. “ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ…” എന്നായിരുന്നു അന്ന് പാടിയ പാട്ടിലെ വരികൾ. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തോടെ, അന്ന് സ്തുതിഗീതം പാടിയവർ തന്നെ ഇന്ന് പിണറായിയുടെ കടുത്ത വിമർശകരായി മാറിയിരിക്കുകയാണ്. പാർട്ടിയിലെ താഴേത്തട്ടിൽ പിണറായി വിജയന്റെ ശൈലിക്കെതിരെ ശക്തമായ അമർഷമുണ്ടെന്നതിന്റെ തെളിവാണ് പാറശ്ശാല ഏരിയാ കമ്മിറ്റിയിൽ ഉണ്ടായ ഈ പൊട്ടിത്തെറി.

Related Articles

Back to top button