‘കിലോമീറ്ററിന് 55 രൂപ തന്നേക്ക്, ബസ് മുഴുവൻ തരാം’…. ഓഫറുമായി സ്വകാര്യ ബസ്സുടമകൾ

കോട്ടയം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ഒരു ബസിന് പ്രതിദിനം 3,000 രൂപ വരെയും പ്രതിമാസം 90,000 രൂപ വരെയുമാണ് വരുമാനത്തിൽ നഷ്ടം സംഭവിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്ന 12,000-ത്തോളം സ്വകാര്യ ബസുകളുടെയും സ്ഥിതി സമാനമാണ്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹിയും പൊൻകുന്നം സ്വദേശിയുമായ കെ.എസ്. ജയകൃഷ്ണൻ നായരാണ് ബസ് ഉടമകളുടെ ഈ ദുരിതാവസ്ഥ വ്യക്തമാക്കിയത്.
കോവിഡിന് മുൻപ് സംസ്ഥാനത്ത് 33,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കേവലം 12,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ പ്രതിസന്ധിയിലായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾ മുഴുവൻ സർക്കാരിന് കൈമാറാൻ ഉടമകൾ തയ്യാറാണ്. കിലോമീറ്ററിന് 55 രൂപ നിരക്കിൽ തുക നൽകിയാൽ മതിയാകും. ഡീസൽ, അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം തുടങ്ങിയവ ഉടമകൾ തന്നെ വഹിക്കും. കണ്ടക്ടറുടെ ശമ്പളം കൊടുത്ത ശേഷമുള്ള വരുമാനം പൂർണ്ണമായും സർക്കാരിന് എടുക്കാം. പ്രിയദർശിനി പദ്ധതിയിലൂടെ മുഴുവൻ സ്ത്രീകൾക്കും സ്വകാര്യ ബസുകളിലും സൗജന്യയാത്ര അനുവദിക്കാം. കെ.എസ്.ആർ.ടി.സി.ക്ക് നൽകുന്നത് പോലെ ഇതിന്റെ തുക സർക്കാരിന് ഉടമകൾക്ക് തിരികെ നൽകാം.
ബസ് ഉടമകളുടെ പ്രധാന നിർദേശങ്ങൾ…
- മിനിമം ചാർജ് 15 രൂപയാക്കുക.
- പെർമിറ്റ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ആർ.ടി. ഓഫീസിൽ പോകാതെ ഓൺലൈനാക്കുക.
- വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റ് മിനിമം അഞ്ചുരൂപയാക്കുക.
- വകുപ്പധികൃതർ നിർണയിച്ച സമയക്രമത്തിലെ അപാകം മൂലം കൃത്യസമയത്ത് എത്താൻ വേഗം കൂട്ടേണ്ടിവരുന്നു. ഇതിന്റെ പേരിൽ എ.ഐ. ക്യാമറ വഴിയും ഉദ്യോഗസ്ഥ പരിശോധനവഴിയും വൻതുക പിഴയടയ്‌ക്കേണ്ടിവരുന്നു. പരിഹാരമായി ശാസ്ത്രീയമായ ഓൺലൈൻ സമയക്രമം നടപ്പാക്കുക.
- ഡീസൽ സബ്‌സിഡി അനുവദിക്കുക, സർക്കാർ ഇൻഷുറൻസ് അനുവദിക്കുക.
- ക്ഷേമനിധി കുടിശ്ശികയ്ക്ക് പലിശ ഒഴിവാക്കുക.
- ബസ് വ്യവസായത്തെ എം.എസ്.എം.ഇ. വിഭാഗത്തിൽ ഉൾപ്പെടുത്തി ബജറ്റ് ഫണ്ട് അനുവദിക്കുക.
- യാത്രക്കാർ കൂടുതലുള്ള രാവിലെ പത്തുവരെയും വൈകീട്ട് നാലുമുതലും സൗജന്യ സർവീസുകൾ ഒഴിവാക്കുക.
നിലവിൽ സർക്കാർ നൽകിയിട്ടുള്ള നികുതിയിളവിലൂടെ പ്രതിദിനം പരമാവധി 150 രൂപ മാത്രമാണ് ഒരു ബസിന് ലാഭം ലഭിക്കുന്നത്. എന്നാൽ ദിനംപ്രതി 3,000 രൂപയുടെ നഷ്ടം വരുമ്പോൾ ഈ ഇളവ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. മുൻ ഗതാഗത കമ്മീഷണറും ഡി.ജി.പി.യുമായിരുന്ന കെ. പദ്മകുമാർ ചെയർമാനും നാറ്റ്പാക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി വൈസ് ചെയർപേഴ്സണുമായ വിദഗ്ധസമിതി മുമ്പാകെ ബസ് ഉടമകളുടെ സംഘടന ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.



