പാനൂർ സ്‌ഫോടനം…. ദുരൂഹത നീങ്ങി… പടക്കം പൊട്ടിച്ച് സ്റ്റീൽ ബോളിൽ നിറച്ചപ്പോൾ അപകടമെന്ന് പോലീസ്

കണ്ണൂർ: പാനൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ശാസ്ത്രീയമായ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. കുട്ടികൾ കളിപ്പാട്ടമെന്ന നിലയിൽ സ്‌ഫോടകവസ്തു നിർമ്മിക്കാൻ നടത്തിയ അശ്രദ്ധമായ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കർട്ടൻ പൈപ്പിന്റെ സ്റ്റീൽ ബോളിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് കുട്ടികൾ പരീക്ഷണം നടത്തിയത്. ഓലപ്പടക്കങ്ങൾ അഴിച്ച് അതിലെ വെടിമരുന്ന് സ്റ്റീൽ ബോളിനുള്ളിൽ കുത്തിനിറച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
തീ കൊളുത്തിയ ഉടൻ തന്നെ സ്റ്റീൽ ബോൾ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ ഇടതുകൈയിലെ വിരൽ അറ്റുപോവുകയും കൈയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്ന കുട്ടി പോലീസിന് നൽകിയ മൊഴിയോടെയാണ് സംഭവത്തിൽ മറ്റ് രാഷ്ട്രീയമോ ക്രിമിനലോ ആയ ദുരൂഹതകളില്ലെന്ന് വ്യക്തമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിനോട് ചേർന്നുള്ള പറമ്പിലായിരുന്നു അപകടം. സ്ഥലത്തുനിന്നും ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. സ്‌ഫോടകവസ്തുക്കളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യൽ എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.




