പാലക്കാട് തോൽവിക്ക് പിന്നാലെ സർക്കാർ പദവി; പി. സരിന് ശമ്പളവും വാഹനച്ചെലവും ഉൾപ്പെടെ..

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ സർക്കാർ പദവിയിലെത്തിയ പി. സരിന് ശമ്പളവും വാഹനച്ചെലവും ഉൾപ്പെടെ സർക്കാർ ഖജനാവിൽനിന്ന് ചെലവായത് 16.62 ലക്ഷം രൂപ. വിവരാവകാശ രേഖകളിലാണ് സരിന്റെ നിയമനവും ഇതുമായി ബന്ധപ്പെട്ട ചെലവുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഒരുകാലത്ത് കോൺഗ്രസിന്റെ സൈബർ മുഖമായി പ്രവർത്തിച്ചിരുന്ന പി. സരിൻ പിന്നീട് സി.പി.എമ്മിനൊപ്പം ചേരുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് സരിൻ പാർട്ടി വിട്ടത്. തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
തോൽവിക്ക് പിന്നാലെ സരിനെ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി നിയമിക്കുകയായിരുന്നു. 2025 മേയ് ഏഴിനാണ് നിയമനം നൽകിയത്. പാലക്കാട് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ഏകദേശം ആറുമാസത്തിനുള്ളിലായിരുന്നു നിയമനം.
വിവരാവകാശ രേഖകൾ പ്രകാരം പ്രതിമാസം 88,889 രൂപയായിരുന്നു സരിന് ലഭിച്ചിരുന്ന പ്രതിഫലം. ഇത്തരത്തിൽ ശമ്പള ഇനത്തിൽ മാത്രം 7,79,929 രൂപ ലഭിച്ചു. ഇതിന് പുറമെ വാഹനച്ചെലവിനായി 8,80,891 രൂപയും ചെലവഴിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ശമ്പളവും വാഹനച്ചെലവും ഉൾപ്പെടെ ആകെ 16,62,280 രൂപയാണ് സരിനായി ചെലവഴിച്ചത്.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ (K-DISC) കീഴിലാണ് വിജ്ഞാന കേരളം പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ അന്വേഷകരെ അനുയോജ്യമായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2024 സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിജ്ഞാന കേരളം പദ്ധതിക്കായി ഒരു ഉപദേഷ്ടാവിനെ നിയമിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് സരിനെ സ്ട്രാറ്റജിക് അഡ്വൈസറായി നിയമിച്ചത്.



