സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ മാത്രം ലക്ഷ്യം, റെയിൽവേ ക്വാട്ടേഴ്സിൽ നിന്ന് കാണാതായത് ലക്ഷങ്ങളുടെ സ്വർണം, അറസ്റ്റ്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ കോട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന അന്യസംസ്ഥാന മോഷ്ടാവ് പൂജപ്പുര പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് പർവേഷ് നാദിർ അലി എന്നയാളാണ് അറസ്റ്റിലായത്. പൂജപ്പുരയിൽ റെയിൽവേ ഉദ്യോഗസ്ഥർ താമസിക്കുന്ന അൻവർ ഗാർഡൻസിലാണ് പ്രതി മോഷണം നടത്തിയത്.
ഇവിടെ താമസക്കാരനായ, കൊട്ടാരക്കര സ്വദേശിയായ റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. കഴിഞ്ഞ ഏപ്രിൽ 21-ന് റെയിൽവേ ഉദ്യോഗസ്ഥൻ പൂജപ്പുര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.



