മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ… തൈക്കടപ്പുറത്ത് കാണാതായ യുവാവിന്റെ…

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി അജ്മൽ (21) ആണ് മരിച്ചത്. രാവിലെ 6.15ഓടെയാണ് മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെയാണ് മൃതദേഹം കരയിലെത്തിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അജ്മൽ കടലിൽ ഒഴുക്കിൽപ്പെട്ടത്. വിവരം ലഭിച്ചതിന് പിന്നാലെ ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ തിരച്ചിൽ ആരംഭിച്ചിരുന്നു. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.



