വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു… 30-ലേറെ…

കാസർകോട്: മൗവ്വലിൽ വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോടുനിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നറിലാണ് ആദ്യം തീപടർന്നത്. പിന്നീട് തീ വാഹനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ബേക്കൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും അണച്ചു. കണ്ടെയ്നറിലുണ്ടായിരുന്ന ഇരുപതോളം ഫ്രിഡ്ജുകൾ കേടുപാടുകളില്ലാതെ പുറത്തെടുക്കാൻ കഴിഞ്ഞു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ചൊവ്വാഴ്ച മുതൽ കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.

വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽനിന്ന് ദേശീയപാത വഴിയാണ് മംഗളൂരു ഭാഗത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട ലോറി കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലൂടെയാണ് പോയത്. പിന്നീട് പാലം അടച്ചതായി മനസ്സിലായതോടെ പള്ളിക്കര കവലയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ ലോറി മൗവ്വൽ വാട്ടർ ടാങ്ക് കവല വഴി മൗവ്വൽ-ബേക്കൽ-തച്ചങ്ങാട് റോഡിലെത്തി കാസർകോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൗവ്വൽ റിഫായിയ മസ്ജിദിന് സമീപത്തെത്തിയപ്പോൾ വൈദ്യുതി കമ്പികളിൽ തട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടെയ്നറിൽ തീപിടിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button