ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു…

പാലക്കാട്: ചാലിശേരിയിലെ സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ നഴ്സ് മിസിരിയയ്ക്കാണ് കടിയേറ്റത്. ഗുരുതരാവസ്ഥയിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഡ്യൂട്ടിക്കിടെയായിരുന്നു നഴ്സിന് അണലിയുടെ കടിയേറ്റത്. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ്പടി എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രമാണിത്. ആരോഗ്യകേന്ദ്രത്തിന്റെ പരിസരം കാടുപിടിച്ച് കിടക്കുന്നതായി നേരത്തേ തന്നെ ആശുപത്രി അധികൃതർ പരാതിപ്പെട്ടിരുന്നുവെന്നാണ് ആരോപണം. ഡോക്ടർ ഉൾപ്പെടെയുള്ളവർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.




