‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സന്യാസിമാർക്ക് പങ്കില്ല’

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സന്യാസിമാർ ഉൾപ്പെട്ടിട്ടില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിഷയം ഉന്നയിച്ചു സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉത്തർ പ്രദേശിനെ അപകീർത്തിപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
സംഭാവനക്കൊള്ള കേസിന്റെ എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ ഏതെങ്കിലും സന്യാസിമാരുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നത്. സമാജ്വാദി പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ഈ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് അംബേദ്കറെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അധികാരത്തിലുള്ളപ്പോൾ സമാജ്വാദി പാർട്ടി അയോധ്യയെ അപമാനിച്ചിരുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യ ധാമിലെ തെരുവുകളും സരയൂ നദിയുടെ പവിത്രമായൊഴുക്കും ചോരയിൽ കുളിപ്പിക്കുന്ന പാപം ചെയ്തത് സമാജ്വാദി പാർട്ടി സർക്കാരാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഉണ്ടായിരുന്നോ എന്ന് ചോദ്യംചെയ്തിരുന്നവർ ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ സമാജ്വാദി പാർട്ടിയും കോൺഗ്രസും സംയുക്തമായി ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.




