ശസ്ത്രക്രിയ പിഴവുകൾക്ക് വിട… ഇനി ‘റിസ്റ്റ് ബാൻഡും’ അടയാളപ്പെടുത്തലും നിർബന്ധം… ആരോഗ്യവകുപ്പിന്റെ കർശന മാർഗരേഖ

സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയക്കിടെയുണ്ടാകുന്ന പിഴവുകൾ തടയാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. നിലവിലുള്ള പ്രോട്ടോക്കോൾ പരിഷ്കരിച്ചാണ് കൂടുതൽ കർശനമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ സുരക്ഷ ഉറപ്പാക്കാൻ റിസ്റ്റ് ബാൻഡും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം അടയാളപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പുതിയ ഉത്തരവിലുള്ളത്.
ആവർത്തിച്ചുണ്ടാകുന്ന ശസ്ത്രക്രിയ പിഴവുകൾ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. പുതിയ മാർഗരേഖ പ്രകാരം ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ശസ്ത്രക്രിയയ്ക്ക് മുൻപ് കൃത്യമായി അടയാളപ്പെടുത്തിയിരിക്കണം. ഓപ്പറേഷൻ തിയറ്ററിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും കോട്ടൺ ഉൾപ്പെടെ നശിപ്പിക്കുന്ന വസ്തുക്കളുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തണം. ഇത് തിയറ്ററിലെ വൈറ്റ് ബോർഡിൽ പ്രദർശിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഓപ്പറേഷന് മുൻപ് കേസ് റെക്കോർഡുകൾ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സിംഗ് ഇൻചാർജും ഓപ്പറേറ്റീവ് ലിസ്റ്റ് പരിശോധിച്ച് ഒപ്പിടണം.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ശരീരത്തിനുള്ളിൽ കത്രികയും പഞ്ഞിയും മറന്നുവെക്കുന്നതുൾപ്പെടെയുള്ള ഗുരുതര വീഴ്ചകൾ ഒഴിവാക്കാൻ ഈ ‘കൗണ്ടിംഗ്’ രീതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഈ മാർഗരേഖ ഒരുപോലെ ബാധകമായിരിക്കും. രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുതിയ മാർഗരേഖ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



