കോടാലിയില്‍ എട്ടുവയസ്സുകാരന്‍ മരിച്ചത് ശംഖുവരയന്റെ കടിയേറ്റ്…. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

തൃശൂർ: കോടാലിയിൽ എട്ടുവയസ്സുകാരന്റെ മരണത്തിന് കാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് സ്ഥിരീകരണം. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. പാമ്പ് കടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

നാടിനെ നടുക്കിയ ദുരന്തം നടന്നത് കഴിഞ്ഞ ദിവസമാണ്. കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. രാത്രിയിൽ അമിതമായ ചൂട് കാരണമാണ് അമ്മയും മക്കളും വീടിന്റെ ഹാളിൽ കിടന്നുറങ്ങിയത്. പിന്നീട് ഇവർ മുറിയിലെ കട്ടിലിലേക്ക് മാറി കിടന്നു. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. വൈകിട്ട് ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം കുട്ടികൾ ജ്യൂസ് കുടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധയാകാം വയറുവേദനയ്ക്ക് കാരണമെന്ന് കരുതി വീട്ടുകാർ ജീരകവെള്ളം നൽകി ആശ്വസിപ്പിച്ചു. എന്നാൽ പുലർച്ചെ അഞ്ചരയോടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ട് പരിഭ്രാന്തരായ പിതാവ് ഉടൻ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തുമ്പോഴേക്കും എട്ടു വയസ്സുകാരൻ ആൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടികൾക്ക് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ കുട്ടികൾ കിടന്നുറങ്ങിയ മുറിക്ക് സമീപത്ത് നിന്ന് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കാണുകയും ചെയ്തു. നിലവിൽ ആൽജോയുടെ സഹോദരൻ അനോജ് അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാൽ വേദനയോ കാര്യമായ ലക്ഷണങ്ങളോ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് പലപ്പോഴും അപകടത്തിന്റെ ആക്കം കൂട്ടുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന എട്ടു വയസ്സുകാരന്റെ വേർപാടിൽ വിതുമ്പുകയാണ് കോടാലി ഗ്രാമം.

Related Articles

Back to top button