2027-ൽ ഇന്ത്യക്കെതിരെ നാട്ടിൽ മത്സരമില്ല… ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 627 കോടി രൂപ നഷ്ടമാകുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) 2027ൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇത് 50 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 627 കോടി രൂപ) വരെ ഉയർന്നേക്കാം. വരുമാനത്തിന്റെ വലിയൊരു പങ്ക് നൽകുന്ന ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മത്സരങ്ങളൊന്നും ഇല്ലാത്തതാണ് പ്രധാന കാരണം.
അംഗങ്ങൾക്ക് നൽകേണ്ട സംപ്രേഷണ തുകയുടെ ഒരു ഭാഗം 2027ൽ വിതരണം ചെയ്യേണ്ടതില്ല എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) എടുത്ത തീരുമാനമാണ് മറ്റൊരു പ്രധാന കാരണം. പരമ്പരാഗത വൈരികളായ ഓസ്ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പര സ്വന്തം നാട്ടിൽ നടത്തിയാലും ഇ.സി.ബിക്ക് വൻ നഷ്ടം നേരിടേണ്ടിവരുമെന്നും ‘ദി ഗാർഡി’യന്റെ റിപ്പോർട്ടിൽ പറയുന്നു.



