നിതിൻ രാജിന്റെ മരണം: താൻ കർക്കശക്കാരനായ അധ്യാപകൻ മാത്രം, ജാതി അധിക്ഷേപം നടത്തിയിട്ടില്ല….

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ ഒന്നാം പ്രതിയും കോളേജ് അധ്യാപകനുമായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് ഡോ. റാമിന്റെ പ്രാഥമിക മൊഴി. താൻ ഒരു കർക്കശക്കാരനായ അധ്യാപകൻ മാത്രമായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഏപ്രിൽ 10-നാണ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഒളിവിലായിരുന്ന ഡോ. എം.കെ. റാം പിടിയിലാകുന്നത്. കുടകിൽ നിന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. പോലീസിന് മുന്നിൽ കീഴടങ്ങാൻ കണ്ണൂരിലേക്ക് വരുന്ന വഴിയാണ് റാം പിടിയിലായതെന്നാണ് വിവരം. ആരും തിരിച്ചറിയാതിരിക്കാൻ താടി വളർത്തി രൂപം മാറ്റിയാണ് ഡോ. റാം ഒളിവിൽ കഴിഞ്ഞിരുന്നത്. സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാതെ മറ്റു രണ്ടുപേരുടെ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം നടത്തിയത്. ഒരാഴ്ചയോളം കുടകിൽ മൊബൈൽ റേഞ്ച് പോലുമില്ലാത്ത ഉൾപ്രദേശത്തായിരുന്നു താമസം. ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശികമായി ചിലരുടെ സഹായങ്ങൾ ലഭിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കർണാടകയിലേക്കും തുടര്‍ന്ന് സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്കും ഗുണ്ടൂരിലേക്കും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാളെ പിടികൂടാൻ പോലീസ് നീക്കം ശക്തമാക്കിയത്. അതേസമയം, ഡോ. റാം പൂർണ്ണമായും നിരപരാധിയാണെന്നും ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് റാമിന്റെ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ അവകാശപ്പെടുന്നത്. ചക്കരക്കൽ പോലീസിൽ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിലെത്തിയ കേസ്, നിതിൻ രാജിന്റെ പിതാവ് രാജന്റെ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആഭ്യന്തരമന്ത്രിയുമായി പിതാവ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണം വിപുലീകരിക്കാൻ തീരുമാനമായത്.



