കണ്ണൂർ സ്വദേശിയായ ട്രാവൽ വ്ലോഗർ നേപ്പാളിൽ വച്ച് അന്തരിച്ചു

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ അന്തരിച്ചു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിൽ ആണ് മരിച്ചത്. വ്യാഴാഴ്ച (നവംബർ 19) ട്രെക്കിങ് പാതയിലെ ഗോരക്ഷേപിൽ വെച്ചാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യാത്രാവിവരങ്ങൾ പങ്കുവെച്ചിരുന്നു. അന്നപൂർണ ബേസ് ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങളും മലനിരകളിൽനിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണ്.
കഴിഞ്ഞവർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചത്. സോഷ്യൽ മീഡിയയിൽ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
അക്യൂട്ട് മൗണ്ടൻ സിക്നസ് (എഎംഎസ്) ആണ് ഇവിടെ വില്ലനായതെന്നാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ, അവിടത്തെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെവരുന്ന അവസ്ഥയാണ് അക്യൂട്ട് മൗണ്ടൻ സിക്നസ്



