ആ സ്നേഹത്തിന് നന്ദി; മുൻ മന്ത്രി കെ. രാജന് വെള്ളാർമല സ്കൂളിന്റെ ഓർമ്മചിത്രം സമ്മാനിച്ച് ഉണ്ണിമാഷ്

ചൂരൽമല ഉരുൾപ്പൊട്ടലിന്റെ നോവുകൾക്കിടയിലും വെള്ളാർമല സ്കൂളിന്റെ അതിജീവനത്തിന് കരുത്തുപകർന്ന മുൻ റവന്യൂ മന്ത്രി കെ. രാജന് വൈകാരികമായൊരു ഉപഹാരവുമായി അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. ദുരന്തത്തിൽ തകർന്നുപോയ വെള്ളാർമല ജിവിഎച്ച്എസ്എസിന്റെ പഴയകാല ചിത്രം ഫ്രെയിം ചെയ്തതാണ് ഉണ്ണിമാഷ് കെ. രാജന് കൈമാറിയത്. തികച്ചും അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ചും വികാരനിർഭരമായ നിമിഷങ്ങളെക്കുറിച്ചും കെ. രാജൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ വരുമ്പോൾ ഉണ്ണിമാഷിന്റെ ഫോൺ കോൾ വന്നു. തൃശൂരിൽ വെച്ച് കാണാൻ പറ്റുമോ എന്ന് അദ്ദേഹം കെ. രാജനോട് ചോദിച്ചു. യാത്രയിലാണെന്നു പറഞ്ഞപ്പോൾ അമ്പലപ്പുഴയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഉണ്ണിമാഷും കുടുംബവും കാത്തുനിൽക്കാമെന്ന് പറഞ്ഞു. അങ്ങനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇരുകൂട്ടരും കണ്ടുമുട്ടിയത്. വെള്ളാർമല സ്കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് പറഞ്ഞ മാഷ് സ്കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം കെ. രാജന് കൈമാറി. ശേഷം കെ. രാജനെ കെട്ടിപിടിച്ച് ഉണ്ണിമാഷ് കരഞ്ഞുവെന്നും കെ. രാജൻ കുറിച്ചു. വികാരനിർഭരമായ ആ നിമിഷവും കെ. രാജൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നൂറു ശതമാനം വിജയം നേടിയിരുന്നു. അതറിഞ്ഞ് താൻ സ്കൂളിൽ വിളിച്ച് സന്തോഷം അറിയിച്ചിരുന്നുവെന്ന് കെ. രാജൻ കുറിപ്പിൽ പറഞ്ഞു. വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുള്ളത് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായി എട്ടാംതവണയാണ് ഈ വിദ്യാലയം എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിക്കുന്നത്. 53 വിദ്യാർഥികളാണ് ഇത്തവണ ഈ വിദ്യാലയത്തിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ വരുമ്പോൾ ഒരു ഫോൺ കോൾ വന്നു. വെള്ളാർമല സ്കൂളിലെ കുട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത്. തൃശൂരിൽ ഒന്ന് കാണാൻ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. വന്ദേഭാരതിൽ തൃശൂരിലേക്കുള്ള യാത്രയിൽ ആണെന്ന് പറഞ്ഞു. 8 മണി കഴിയുന്നതോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കാമെന്നായി ഉണ്ണി മാഷ്. അമ്പലപ്പുഴയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉണ്ണിമാഷും കുടുംബവും. ഞാൻ വന്നിറങ്ങിയപ്പോൾ ഉണ്ണിമാഷും കുടുംബവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ സന്തോഷത്തോടെ വന്ന് വെള്ളാർമല സ്കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് പറഞ്ഞു. ഞാൻ അത്ഭുതപെട്ടുപോയി. മാഷ് സ്കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം സന്തോഷപൂർവ്വം എനിക്ക് കൈമാറി. കൈമാറി എന്നു മാത്രമല്ല അതിനു ശേഷം കെട്ടിപിടിച്ച് ഉണ്ണിമാഷ് കരഞ്ഞു. പിന്തുണക്കും സ്നേഹത്തിനുമൊക്കെ നന്ദി രേഖപ്പെടുത്തി. വളരെ വികാരനിർഭരമായി മാറിയ നിമിഷമായിരുന്നു അത്. വെള്ളാർമല സ്കൂളിന്റേയും കുട്ടികളുടേയും ഉയർച്ചക്ക് വേണ്ടി ചെയ്ത സഹായങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞാണ് മാഷ് കരഞ്ഞത്. വെള്ളാർമല സ്കൂളിൽ നൂറു ശതമാനം വിജയം നേടിയപ്പോൾ അവരെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുള്ളത് വലിയ സന്തോഷം നൽകുന്ന ഒന്നാണ്.”



