എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ആസിഡ് കുടിപ്പിച്ചു; ആരോപണവുമായി പിതാവ്

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ആസിഡ് കുടിപ്പിച്ചെന്ന ആരോപണവുമായി അച്ഛൻ. വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് കുഞ്ഞുള്ളതെന്നും പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ഖൈർതാൽ-തിജാരയിൽ ഭിവാഡി എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം നടന്നത്.

തിങ്കളാഴ്ച സംഭവസമയത്ത് കുഞ്ഞിന്റെ പിതാവ് മോഹിത് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് അമ്മയോടൊപ്പം വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് അമ്മ കുഞ്ഞിനെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതെന്ന് പറയപ്പെടുന്നു. ക്രൂരമായ ഈ പ്രവർത്തിക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് ഈ കാര്യത്തിൽ അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കുഞ്ഞിന്റെ ആരോഗ്യാവസ്ഥ വഷളായതിനെത്തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ഭിവാഡിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പിന്നീട് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രി അധികൃതരിൽ നിന്നാണ് കുഞ്ഞിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വേദ് പ്രകാശ് അറിയിച്ചു.’തന്റെ ഭാര്യ മകൾക്ക് നിർബന്ധിച്ച് ആസിഡ് നൽകിയെന്നാണ് പിതാവ് ആരോപിക്കുന്നത്. കുഞ്ഞ് ഇപ്പോൾ വെന്റിലേറ്ററിലാണ്,’ അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രേഖാമൂലമുള്ള പരാതി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Related Articles

Back to top button