‘ഭരണം മാറിയാൽ നിലപാട് മാറുമോ?’

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റമുണ്ടായാൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരോടുള്ള സർക്കാരിന്റെ സമീപനത്തിലും മാറ്റം വന്നേക്കാമെന്ന് സുപ്രീം കോടതി. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കീഴിലുള്ള കേരള റിസോഴ്‌സസ് ടീച്ചേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

എസ്.എസ്.കെ. ഫണ്ട് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാത്തതിനാലാണ് സ്പെഷ്യൽ എഡ്യുകേറ്റർമാരുടെ നിയമന പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഹർജിക്കാർ കോടതിയിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. അപ്പോഴാണ് എന്നാണ് കേരളത്തിൽ തിരഞ്ഞെടുപ്പെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ദിപാങ്കർ ദത്ത ആരാഞ്ഞത്. വ്യാഴാഴ്ചയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ഭരണമാറ്റ സാധ്യതയെ സംബന്ധിച്ച് ജഡ്ജിയുടെ നിരീക്ഷണം.

ഇതിനിടെ, കേരളം എല്ലാ മേഖലകളിലും നമ്പർ വൺ ആണെന്നും അത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഫണ്ട് തടയുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റമാരെ സ്ഥിരപ്പെടുത്തിയാൽ കേന്ദ്ര ഫണ്ട് അവസാനിക്കും. ഇതോടെ ഭാവിയിൽ ശമ്പളം നൽകുന്നതിന് പ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു.

കേന്ദ്ര സർക്കാരിനോട് ശക്തമായി പോരടിച്ച് നിൽക്കുന്ന പശ്ചിമ ബംഗാൾ സർക്കാർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തിയെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തിന് പുറമെ സുപ്രീം കോടതിയിലെ ഇടത് അഭിഭാഷക സംഘടന നേതാവായ കെ.ആർ. സുഭാഷ് ചന്ദ്രനും കെ.എസ്.ടി.എയ്ക്ക് വേണ്ടി ഹാജരായി.

Related Articles

Back to top button