അന്ന് മോദിയുടെ തന്ത്രം മെനഞ്ഞയാൾ, ഇന്ന് ബിജെപി കോട്ട തകർത്ത പോരാളി; ചരിത്രമെഴുതി പ്രശാന്ത് കിഷോർ

പൂർണമായും കോർപ്പറേറ്റ് ശൈലിയിലും ഡാറ്റാ അധിഷ്ഠിത തന്ത്രങ്ങളിലും ഊന്നിക്കൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് ഗോദയെ മാറ്റിമറിച്ച പ്രശാന്ത് കിഷോർ, ഒടുവിൽ സജീവ രാഷ്ട്രീയത്തിലും തന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽനിന്ന് മാറി, സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിഹാറിലെ ബി.ജെ.പിയുടെ കോട്ടയായ ബങ്കിപുരിൽ വിജയം സ്വന്തമാക്കിയതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് അദ്ദേഹം. 

തുടക്കം മുതൽ രാഷ്ട്രീയ പ്രവേശനം വരെ
1977 മാർച്ച് 20-ന് ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് പ്രശാന്ത് കിഷോർ ജനിച്ചത്. പട്‌ന സയൻസ് കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം ലഖ്നൗ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ബി.എ ബിരുദം നേടി. ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ പദ്ധതികളിൽ നയരൂപീകരണ വിദഗ്ദ്ധനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആഫ്രിക്കൻ രാജ്യമായ ഛാഡിൽ യുണിസെഫിന്റെ സോഷ്യൽ പോളിസി ആൻഡ് പ്ലാനിംഗ് വിഭാഗം മേധാവിയായിരുന്നു. അവിടെ അദ്ദേഹം തയ്യാറാക്കിയ ഗവേഷണ പ്രബന്ധമാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതും, അദ്ദേഹത്തെ രാഷ്ട്രീയ തന്ത്രങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്നതും. അസം സ്വദേശി ഡോ. ജാഹ്നവി ദാസാണ് ഭാര്യ. 

രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപംകൊടുക്കുന്നതിലേക്ക് തിരിയുന്നതിന് മുൻപ് പ്രശാന്ത് കിഷോർ ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ പദ്ധതികളിൽ എട്ട് വർഷത്തോളം നയരൂപീകരണ വിദഗ്ദ്ധനായി പ്രവർത്തിച്ചിരുന്നു. ആഫ്രിക്കൻ രാജ്യമായ ഛാഡിൽ യുണിസെഫിന്റെ (UNICEF) സോഷ്യൽ പോളിസി ആൻഡ് പ്ലാനിംഗ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കവെ, ഇന്ത്യയിലെ സാമ്പത്തിക വളർച്ചയും പോഷകാഹാരക്കുറവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ വിശകലനം ചെയ്ത് അദ്ദേഹം തയ്യാറാക്കിയ ഗവേഷണ പ്രബന്ധം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെട്ട ഈ പ്രബന്ധമാണ് പ്രശാന്ത് കിഷോറിനെ പൊതുനയ രൂപീകരണത്തിൽനിന്നു ഗുജറാത്തിലെ രാഷ്ട്രീയ തന്ത്രങ്ങളിലേക്ക് എത്തിച്ചത്.

2011-ൽ ഗുജറാത്ത് സർക്കാരിന്റെ ഉപദേശകനായി പ്രവർത്തനം ആരംഭിച്ച പ്രശാന്ത് കിഷോറാണ് 2012-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്തത്. തുടർന്ന് 2013-ൽ ‘സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്’ (CAG) എന്ന മാധ്യമ പ്രചാരണ രൂപീകരണ പ്രസ്ഥാനത്തിന് രൂപം കൊടുത്തു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ഭാരതീയ ജനത പാർട്ടിക്കും കേവല ഭൂരിപക്ഷം ഉറപ്പാക്കിയ പ്രചാരണത്തിന് നേതൃത്വം നൽകിയതോടെയാണ് പികെ ദേശീയ ശ്രദ്ധ നേടുന്നത്. ‘ചായ പേ ചർച്ച’ (Chai pe Charcha), 3ഡി ഹോളോഗ്രാം റാലികൾ, ‘റൺ ഫോർ യൂണിറ്റി’ തുടങ്ങിയ സങ്കേതങ്ങൾ പ്രശാന്ത് കിഷോറിന്റെ ആസൂത്രണത്തിൽ പിറവിയെടുത്തവയാണ്.

പിന്നീട് ബിജെപിയുമായി അകന്ന പ്രശാന്ത് കിഷോർ തന്റെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി ‘ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി’ (I-PAC) എന്ന സ്ഥാപനമായി മാറ്റി. തുടർന്നുള്ള വർഷങ്ങളിൽ ആശയപരമായി വ്യത്യാസമുള്ള വിവിധ പാർട്ടികൾക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിജയകരമായി നടത്തി. 2021 മെയ് മാസത്തിൽ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നേടിയ തകർപ്പൻ വിജയങ്ങൾക്ക് ശേഷം, രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിൽനിന്ന് വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് 2018 സെപ്റ്റംബർ 16-ന് അദ്ദേഹം ജനതാദൾ (യുണൈറ്റഡ്- ജെഡിയു) പാർട്ടിയിൽ ചേരുകയും നിതീഷ് കുമാർ അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാൽ, പൗരത്വ ഭേദഗതി നിയമം (CAA) പോലുള്ള കേന്ദ്ര നയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം 2020-ൽ അദ്ദേഹം ജെഡിയുവിൽനിന്ന് പുറത്തേക്ക് പോയി. 

ഇതോടെയാണ് സ്വന്തമായി രാഷ്ട്രീയ പാർട്ടി എന്ന ആശയം പ്രശാന്ത് കിഷോർ പ്രാവർത്തികമാക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ഘടനയ്ക്കുള്ളിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് സ്വന്തമായൊരു ജനകീയ പ്രസ്ഥാനം എന്ന ആശയത്തിലേക്ക് എത്തിയതെന്ന്‌ പ്രശാന്ത് കിഷോർ പറഞ്ഞിട്ടുണ്ട്. വിവിധ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ 2022 മെയ് മാസത്തിൽ ‘ജന സുരാജ്’ (Jan Suraaj Abhiyan) പ്രസ്ഥാനം പ്രഖ്യാപിച്ച അദ്ദേഹം, 2022 ഒക്ടോബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ വെസ്റ്റ് ചമ്പാരനിലെ ഭീതിഹർവ ഗാന്ധി ആശ്രമത്തിൽനിന്ന് 3,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ബിഹാർ പാദയാത്ര ആരംഭിച്ചു. രണ്ട് വർഷത്തോളം നീണ്ട ഈ യാത്രയിലൂടെ ബിഹാറിലെ 5,000-ത്തിലധികം ഗ്രാമങ്ങൾ സന്ദർശിച്ച്, ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി ഭരണപരമായ നയരേഖ തയ്യാറാക്കി. 2024 ഒക്ടോബർ 2-ന് പട്‌നയിൽവെച്ച് ജന സുരാജ് ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. ഗാന്ധിയൻ തത്ത്വശാസ്ത്രവും സോഷ്യൽ ലിബറലിസവുമാണ് പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ.

മനുഷ്യരുടെ ക്ഷേമത്തിന് പ്രഥമസ്ഥാനം നൽകുന്ന ആശയത്തിലാണ് ഇദ്ദേഹം പാർട്ടിയെ പടുത്തുയർത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ സംസ്‌കാരത്തിൽ പരിചയമില്ലാത്ത ചില രാഷ്ട്രീയ സംവിധാനങ്ങളും അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. പാർട്ടി പ്രസിഡന്റിന്റെ കാലാവധി ഒരു വർഷമായും ലിഡർഷിപ്പ് കൗൺസിൽ അംഗങ്ങളുടെ കാലാവധി രണ്ട് വർഷമായും പരിമിതപ്പെടുത്തിയതാണ് അതിൽ പ്രധാനം. മറ്റൊന്ന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സമാനമായി ജനങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയും ജനപ്രതിനിധികൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അവരെ തിരികെ വിളിക്കാനുള്ള അവകാശവും പാർട്ടി ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. 

ബിഹാർ വർഷങ്ങളായി മദ്യനിരോധനമുള്ള സംസ്ഥാനമാണ്. ജനങ്ങളെ മദ്യവിപത്തിൽനിന്ന് രക്ഷിക്കാനെന്ന പേരിലാണ് 2016-ൽ നിതീഷ് കുമാറിന്റെ കാലത്ത് ബിഹാറിൽ മദ്യനിരോധനം കൊണ്ടുവന്നത്. എന്നാൽ, തന്റെ പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ മദ്യനിരോധനം ഒരു മണിക്കൂറിനുള്ളിൽ റദ്ദാക്കുമെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവർജ്ജന നികുതിയിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ മാറ്റിവെക്കുമെന്നാണ് വാഗ്ദാനം. ബിഹാറിലെ ദാരിദ്ര്യവും കുടിയേറ്റവും അവസാനിപ്പിക്കുന്നതിനായി യുവാക്കൾക്കും സ്ത്രീകൾക്കും സംരംഭങ്ങൾ ആരംഭിക്കാൻ ബാങ്കുകൾ വഴി 4% പലിശ നിരക്കിൽ വായ്പ നൽകുക, 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിമാസം 2,000 സാന്ത്വന പെൻഷൻ അനുവദിക്കുക, ഭൂമി സർവേകൾക്ക് പകരം സമഗ്ര ഭൂപരിഷ്‌കരണങ്ങൾ നടപ്പിലാക്കുക എന്നിവയാണ് പാർട്ടിയുടെ പ്രധാന അജണ്ടകൾ. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ യുവാക്കളെയും സ്ത്രീകളെയും ആകർഷിക്കുന്ന തന്ത്രം.

കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചിരുന്നെങ്കിലും ഒരിടത്തുപോലും വിജയിച്ചിരുന്നില്ല. ആകെ കിട്ടിയതാകട്ടെ മൂന്ന് ശതമാനം വോട്ട് മാത്രം.തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച കാലളവിൽ പ്രശാന്ത് കിഷോർ ഒരിക്കലും നേരിട്ട് മത്സരിച്ചിരുന്നില്ല. അതിനാൽതന്നെ ബിഹാറിലെ പട്‌ന ജില്ലയിലുള്ള ബങ്കിപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിനും പാർട്ടിക്കും നിർണായകമായിരുന്നു. പൊതു തിരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കില്ലെന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും സൂചിപ്പിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിനെതിരെ വിദ്യാർഥി- യുവജന പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന സവിശേഷമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.

ബങ്കിപുർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയായിരുന്ന നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാർട്ടിയെ നേരിട്ട് നയിക്കാൻ പ്രശാന്ത് കിഷോർ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. ബി.ജെ.പിയുടെ നീരജ് കുമാർ സിൻഹയും ആർ.ജെ.ഡിയുടെ രേഖാ ഗുപ്തയുമാണ് ഈ മണ്ഡലത്തിലെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ. ബി.ജെ.പിയുടെ ശക്തമായ കോട്ടയായി അറിയപ്പെടുന്ന നഗരമണ്ഡലത്തിൽ പികെ നേരിട്ട് മത്സരരംഗത്തിറങ്ങിയത് വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സംഘടനാ സംവിധാനം കൊണ്ടും താഴേക്കിടയിലെ പ്രവർത്തനവും കൊണ്ടും ബിജെപി കാലങ്ങളായി വിജയിച്ചിരുന്ന മണ്ഡലത്തിലാണ് ഇപ്പോൾ പ്രശാന്ത് കിഷോർ വിജയം കണ്ടെത്തിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിലേറെയായി എൻ.ഡി.എ, ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം എന്നീ രണ്ട് അച്ചുതണ്ടുകളിൽ കറങ്ങിയിരുന്ന ബിഹാർ രാഷ്ട്രീയത്തിലാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ പുതിയൊരു രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ മാത്രം വിജയം കൊണ്ട് ഇതൊരു സംസ്ഥാന തലത്തിലുള്ള മാറ്റമാണെന്ന് പറയാറായിട്ടില്ലെങ്കിലും സംസ്ഥാനത്ത് പ്രതിപക്ഷത്തല്ലാത്ത ഒരു പുതിയ പാർട്ടി ഭരണപക്ഷത്തെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിക്കുന്നുവെന്നത് കാണാതിരിക്കാനാകില്ല. ബിഹാർ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ ഘടകമായ ജാതി രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഒരുപക്ഷെ ഈ വിജയം കാരണമായേക്കാം. 

ജാതി സമവാക്യങ്ങൾ മാത്രം നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്ന ആർ.ജെ.ഡി, ബി.ജെ.പി, ജെ.ഡി.(യു) തുടങ്ങിയ പരമ്പരാഗത പാർട്ടികൾക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് നയങ്ങളും വികസന വാഗ്ദാനങ്ങളും പുനഃപരിശോധിക്കേണ്ടി വരും. കൂടാതെ, ബിഹാറിൽ വരാനിരിക്കുന്ന 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചിരിക്കുന്ന ജന സുരാജ് പാർട്ടിക്ക് ബങ്കിപുരിലെ വിജയം വൻ രാഷ്ട്രീയ ഊർജ്ജം നൽകും. നഗരമേഖലകളിൽ ബി.ജെ.പിക്കുള്ള ആധിപത്യത്തിനും, പിന്നാക്ക-യാദവ-മുസ്ലിം വോട്ട് ബാങ്കുകളിൽ ആർ.ജെ.ഡി പുലർത്തുന്ന സ്വാധീനത്തിനും ഇത് ഭീഷണിയാകും.

മദ്യനിരോധനം പിൻവലിക്കൽ, ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള റീക്കോൾ അവകാശം, തൊഴിൽ നയങ്ങൾ തുടങ്ങിയ പികെയുടെ പരീക്ഷണാത്മക അജണ്ടകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ നിലവിലെ വിജയം ഇടയാക്കും. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആശയങ്ങൾ പുതിയ വോട്ടർമാരിലേക്ക് എത്തിക്കാൻ ഈ വിജയം പ്രശാന്ത് കിഷോറിനെ സഹായിക്കുമെന്നതിൽ സംശയമില്ല. ദേശീയ തലത്തിൽ തന്നെ യുവവോട്ടർമാർക്കിടയിൽ പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിനും ചിന്തകൾക്കും വഴിമരുന്നിടുമോ ഈ വിജയം എന്ന് കണ്ടറിയണം. പരമ്പരാഗത ഘടനകളെ തകർത്ത് ഒരു ബദൽ രാഷ്ട്രീയമാണ് പ്രശാന്ത് മുന്നോട്ടുവയ്ക്കുന്നത്. ഇത് വിജയിക്കുമോയെന്ന് തെളിയിക്കേണ്ടത് കാലമാണ്. 

നിതീഷ് കുമാറിന്റെ തോളിലിരുന്ന് പാർട്ടി വളർത്തിയ ബിജെപിക്ക് ഇതൊരു പരീക്ഷണ കാലമാണ്. നിതീഷിനെ മാറ്റി സംസ്ഥാനത്ത് സ്വന്തം മുഖ്യമന്ത്രിയെ അവരോധിച്ച് സംസ്ഥാനത്ത് സ്വന്തം കാലിൽ സ്വന്തം നേതാക്കളുടെ ബലത്തിൽ വളരാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് പ്രശാന്ത് കിഷോറിനുണ്ടാകുന്ന ജനപ്രീതി വെല്ലുവിളിയാകും. അതേപോലെ കാലങ്ങളായി നിലനിന്നിരുന്ന നിതീഷ് കുമാർ- ലാലു പ്രസാദ് എന്നീ രാഷ്ട്രീയ വൻമരങ്ങൾ അരങ്ങൊഴിയുന്ന ബിഹാർ രാഷ്ട്രീയത്തിലേക്ക് സ്വന്തമായൊരിടം സൃഷ്ടിക്കാനാണ് പ്രശാന്ത് കിഷോറിന്റെ ശ്രമം.

Related Articles

Back to top button