കിടങ്ങൂരിൽ വിരണ്ടോടിയ മയ്യനാട് പാർത്ഥസാരഥി ഭീതി പരത്തിയത് മണിക്കൂറുകളോളം; ഒടുവിൽ മയക്കുവെടി വെച്ചു നിയന്ത്രണ വിധേയമാക്കി

എറണാകുളം അങ്കമാലിക്കടുത്തുള്ള കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മണിക്കൂറുകളോളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ശേഷം കീഴടക്കി. കൊല്ലത്തുനിന്നും എത്തിച്ച ‘മയ്യനാട് പാർത്ഥസാരഥി’ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ തൃശൂരിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി ഒടുവിൽ മയക്കുവെടി വച്ചു വീഴ്ത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെടുകയും രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അതേസമയം, പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച, രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.



