‘ജയിക്കുമെന്ന് പറഞ്ഞിട്ടില്ല, തോൽക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലല്ലോ’..

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജയിക്കുമെന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന്റെ വോട്ടുകൾ കുറഞ്ഞ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുൻപേ തോൽക്കുമെന്ന് പറയാൻ കഴിയില്ലല്ലോ എന്നും, തോൽവിയെ ഗൗരവകരമായ തിരിച്ചടിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എൽഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട്‌ മണ്ഡലത്തിൽ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തൽ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യും. ഇത്ര വലിയ തരംഗത്തിലും പാലക്കാട് എൽഡിഎഫ് വോട്ടുകളിൽ ചോർച്ച ഉണ്ടായില്ല. കോങ്ങാട് മണ്ഡലത്തിൽ ബിജെപി യുഡിഎഫിനെ സഹായിച്ചു. കോങ്ങാട് ബിജെപി ബൂത്തുകളിൽ ഇരിക്കാൻ പ്രവർത്തകർ പോലും ഇല്ലാത്ത സാഹചര്യമുണ്ടായി. തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി അവിടെ രണ്ടു തവണ ജയിച്ചതാണ്.

തിരിച്ചുപിടിച്ച മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. സിപിഎമ്മിന് നഷ്ടം എന്നുള്ളത് കോങ്ങാടും ചിറ്റൂരുമാണ്. ചിറ്റൂരിൽ അപരനാണ് തിരിച്ചടി ആയതെന്ന് സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി മുരുഗദാസിന്റ മോതിരം ചിഹ്നവും അപരന്റെ നെക്ലസ് ചിഹ്നവും തമ്മിലുള്ള സാമ്യം പ്രതിസന്ധിയായി. എൽഡിഎഫ് വോട്ടുകൾ അപരന്റെ നെക്ലസ് ചിഹ്നത്തിലേക്ക് പോയി. ഒറ്റപ്പാലത്ത് പ്രേംകുമാർ ചരിത്രഭൂരിപക്ഷം നേടി. കോൺഗ്രസുകാർ പോലും പി.കെ.ശശിക്ക് വോട്ട് ചെയ്തില്ല. സിപിഎമ്മിനെ ഒറ്റികൊടുത്തയാൾ ഐക്യ ജനാധിപത്യ മുന്നണിയിലും വഞ്ചകനായി മാറുമെന്ന ബോധ്യത്തിലാണ് അവർ വോട്ട് ചെയ്യാതിരുന്നത്. തോൽവിയിൽ പഠനം നടത്തി ജനപിന്തുണ നേടിയെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ഓരോ പ്രവർത്തകനും വ്യക്തിപരമായി എന്തൊക്കെ തിരുത്തലുകൾ നടത്തണമെന്ന് ആലോചിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കും.

അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ സംഘർഷത്തിലും സുരേഷ് ബാബു പ്രതികരിച്ചു. ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ പടക്കം എറിയുകയായിരുന്നു. ജയിച്ചതിൽ ആഹ്ലാദം ആവാം എന്നാൽ സിപിഎം ഓഫീസുകളെ ആക്രമിക്കുകയാണ് ചെയ്തത്. 7 സീറ്റുകളിൽ ജയിച്ച ഞങ്ങൾ ആഘോഷം എന്ന് പറഞ്ഞ് ഇതുപോലെ ഇറങ്ങിയാൽ യുഡിഎഫ് കാർക്ക് പുറത്തിറങ്ങാൻ ആകുമോ. ഓന്ത് നിറം മാറിയത് പോലെയാണ് പൊലീസുകാർ മാറിയത്. പാലക്കാട്‌ ഡിവൈഎസ്പിയും നോർത്ത് സിഐയും യുഡിഎഫിന് ആക്രമണത്തിന് മൗനാനുവാദം നൽകി. കൊണ്ടും കൊടുത്തുമാണ് സിപിഎം ഇവിടെ വരെ എത്തിയത് പാലക്കാട്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.

Related Articles

Back to top button