പള്ളിയിൽ മോഷണം; ഉസ്താദിന്റെ വേഷത്തിൽ എത്തി ലക്ഷങ്ങൾ കവർന്ന ബേപ്പൂർ സ്വദേശി അറസ്റ്റിൽ

അമ്പലവയൽ: അമ്പലവയൽ മഞ്ഞപ്പാറ ജുമാമസ്ജിദിൽ നടന്ന സാഹസികമായ മോഷണക്കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. ഉസ്താദിന്റെ വേഷം ധരിച്ചെത്തി പള്ളി ഓഫീസിൽ സൂക്ഷിച്ചിരുന്ന 1.6 ലക്ഷം രൂപ മോഷ്ടിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി ഷംസുദ്ദീനാണ് (41) പിടിയിലായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. പള്ളി ഓഫീസിന്റെ പൂട്ട് അറുത്തുമാറ്റി അകത്തുകയറിയ പ്രതി, മേശവലിപ്പിലുണ്ടായിരുന്ന പണം കൈക്കലാക്കിയ ശേഷം ഓഫീസ് മുറി മറ്റൊരു താഴിട്ടു പൂട്ടി താക്കോൽ അവിടെത്തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയൽ പോലീസിൽ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാൾ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.

അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button