‘ധ്യാൻ ശ്രീനിവാസൻ ഒക്കെ മുന്നോട്ട് വരട്ടെ, എനിക്ക് കസേര വേണ്ട’; ‘അമ്മ’ പിരിച്ചുവിടില്ലെന്ന് മാലാ പാർവതി

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ വലിയ രീതിയിലുള്ള ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരിയുടെ പരാതിയും നടി അൻസിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും സംഘടനയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നും, അതിനാൽ നിലവിലെ ഭരണസമിതി പൂർണ്ണമായും രാജിവെച്ചൊഴിയണമെന്നും ആവശ്യപ്പെട്ട് നടി മാലാ പാർവതി ഒരു തുറന്ന കത്തെഴുതിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന കമന്റുകളും അതിന് മാലാ പാർവതി നൽകിയ മറുപടികളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇതിലൊരു കമന്റിന് മാലാ പാർവതി നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. “മാലാ പാർവതി പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെടണം. ഞാൻ നോക്കുമ്പോ ചേച്ചി അല്ലെങ്കിൽ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം. മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കിൽ ഇടവേളബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്ത്. അപ്പോൾ നിങ്ങൾക്കു കാര്യം കുറേക്കൂടി ഈസി ആകും”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനായിരുന്നു മാലാ പാർവതിയുടെ മറുപടി.

“എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാൽ ചെറുപ്പക്കാര്.. ധ്യാൻ ശ്രീനിവാസൻ ഒക്കെ വരണം എന്ന് പറയും”, എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണ കമന്റുകൾ വന്നു. “നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാൽ മാത്രം മതി..”, എന്ന കമന്റിന്, “അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേർക്ക് ആശ്രയവും, രക്ഷയുമാണ്”, എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്.

“മാല ചേച്ചിക്ക് ഒരു തുറന്ന് കത്ത്. ഒറ്റ വാചകത്തിൽ നിർത്തുന്നു. ഈ A.M.M.A ഒന്നു പിരിച്ചു വിടുമോ? നിങ്ങളുടെ അധികാരികൾക്ക് മുന്നിൽ ഈ ഒരു നിർദ്ദേശം വച്ചാൽ ആരും അംഗീകരിക്കില്ല. പക്ഷേ അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികളും ഒന്നിച്ചു പറയുന്ന ഒന്നാണ്. വെറുതേ അമ്മക്ക് പറയാൻ വേണ്ടി ഒരു സംഘടന”, എന്ന കമന്റിന്, “ഒരു പാട് പേർക്ക് ഗുണം ചെയ്യുന്നുണ്ട്. അത് കൊണ്ട് അത് പറയില്ല”, എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി.

Related Articles

Back to top button