കോളജ് അധ്യാപികയായ കാമുകിയെ കാറിലിട്ട് ചുട്ടുകൊന്നു; താലൂക്ക് ഓഫീസിലെ ക്ലാർക്ക് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

സ്വകാര്യ കോളജ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം താലൂക്ക് ഓഫീസ് ക്ലാർക്ക് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ബെംഗളൂരുവിന് സമീപമുള്ള നന്ദി ഹിൽസിലാണ് സംഭവം. സ്വകാര്യ കോളജ് അധ്യാപിക സരോജ (40), ദേവനഹള്ളിയിലെ താലൂക്ക് ഓഫീസിലെ ക്ലാർക്ക് രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. സരോജ വിവാഹിതയായിരുന്നു. രാമഞ്ജിനപ്പ വിവാഹമോചിതനാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇരുവരും ഒരുമിച്ച് കാറിൽ നന്ദി ഹിൽസിലേക്ക് പോയതിനിടെ ദൊഡബെല്ലാപൂരിന് സമീപം വച്ച് തർക്കമുണ്ടായതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് രാമഞ്ജിനപ്പ സരോജയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സരോജയെ കാറിന്റെ പിൻസീറ്റിലാക്കി പെട്രോൾ ഒഴിച്ച് വാഹനത്തിന് തീ വെച്ചതായും പൊലീസ് പറഞ്ഞു.
കാറിന് തീപിടിക്കുന്നതിനിടെ രാമഞ്ജിനപ്പയ്ക്കും പൊള്ളലേറ്റിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് പിന്നീട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെയാണ് റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും സഞ്ചരിച്ച കാർ രാമഞ്ജിനപ്പയുടെ സുഹൃത്ത് സുരേഷിന്റെ ഉടമസ്ഥതയിലായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ‘ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് അപകടസൂചന ഉടമയ്ക്ക് ഉടൻ ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സുരേഷാണ് കത്തിക്കരിഞ്ഞ നിലയിൽ കാർ കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ മൃതദേഹത്തിലെ ആഭരണങ്ങൾ കണ്ടാണ് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



