പേര് മോഷ്ടിച്ച് വ്യാജപ്രചരണം…. മൈസൂരു മെസ് വിവാദത്തിൽ ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് രംഗത്ത്

കൊച്ചി: കർണാടകയിലെ മൈസൂരുവിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്തതിന് കർണാടക സർക്കാർ അടച്ചുപൂട്ടിയ സ്ഥാപനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് (Global Educational Consultants) വ്യക്തമാക്കി.
തങ്ങളുടെ സ്ഥാപനം 1993 മുതൽ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്നതാണെന്ന് സിഇഒ മനോജ് വ്യക്തമാക്കി. ‘ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്’ എന്ന പേരിന് സ്ഥാപനത്തിന് ട്രേഡ് മാർക്ക് ഉള്ളതാണ്. അതിനാൽ, പേരിന്റെ ദുരുപയോഗത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ കോളേജുകളിലെ ഹോസ്റ്റലുകളിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്ത മെസിനെതിരെ ഇന്നലെ കർണാടക സർക്കാർ നടപടി സ്വീകരിച്ചിരുന്നു. മലയാളി വിദ്യാർത്ഥികളുടെ പരാതിയും ദൃശ്യങ്ങളും സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് സർക്കാർ നടപടി. മെസ് പ്രവർത്തിപ്പിച്ചിരുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചി ആസ്ഥാനമായുള്ള യഥാർത്ഥ സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.



