മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം… മരണസംഖ്യ 14 ആയി…. ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി പ്രവീൺ (45) ആണ് ബുധനാഴ്ച അന്തരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

ജീവിതത്തിൽ ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമ്മാണ ശാലയിൽ ജോലിക്കായി എത്തിയത്. സുഹൃത്തുക്കളായ സുരേഷ്, സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ എത്തിയത്. കഴിഞ്ഞ ദിവസം സ്ഫോടനം നടന്നയുടൻ സുരേഷും സുജിത്തും ഓടി രക്ഷപ്പെട്ടെങ്കിലും പ്രവീൺ പടക്കശാലയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും തൊഴിൽശാലയിൽ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളെല്ലാം കത്തിയമർന്നു. ഇതോടെ അപകടസമയത്ത് അവിടെ എത്ര പേർ ജോലിയിലുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരങ്ങൾ ലഭിക്കാൻ പോലീസിനും അധികൃതർക്കും സാധിച്ചിട്ടില്ല. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകൾ തുടരുകയാണ്. ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തങ്ങളിൽ ഒന്നായി മുണ്ടത്തിക്കോട്ടെ സ്ഫോടനം മാറുകയാണ്.

Related Articles

Back to top button