ശബരിമല പാതകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു….സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് എസ്.ഡി.പി.ഐ….

പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചതിനുശേഷം ജില്ലയിലെ വിവിധ തീർത്ഥാടന പാതകളിൽ വാഹനാപകടങ്ങൾ തുടർച്ചയായി വർധിക്കുന്നത് ആശങ്കാജനകമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എസ്.നിസാർ. തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ണാറക്കുളഞ്ഞിയിൽ ഇന്ന് രാവിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം എതിരെ വന്ന വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം ജില്ലയിലെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുനാട് കൂനംകരയ്ക്ക് സമീപം വയറൻമരുതിയിൽ ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ടെമ്പോ ട്രാവലർ ബ്രേക്ക് തകരാറിനെത്തുടർന്ന് മറിഞ്ഞ് ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.



