മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ‘കല്ലിട്ട് 100 ദിവസം പിന്നിട്ടും വീട് നിർമ്മാണം ആരംഭിച്ചിട്ടില്ല’;വിമർശിച്ച് CPIM

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ പുനരധിവാസം വൈകുന്നതിൽ വിമർശനവുമായി സിപിഐഎം. കല്ലിട്ട് നൂറുദിവസം പിന്നിട്ടിട്ടും ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം കോൺഗ്രസ് ആരംഭിച്ചിട്ടില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ കണ്ണീർ കാണിച്ച് പണംതട്ടിയ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയുമെത്തിച്ച് കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയിൽ കല്ലിട്ടതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.
100 ദിവസം പിന്നിട്ട ശനിയാഴ്ചവരെ ഒരു വീടിന്റെപോലും നിർമ്മാണപ്പണി നടത്തിയിട്ടില്ല. നിർമ്മാണ അനുമതി വാങ്ങുകയോ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ‘നിർമാണം ആരംഭിച്ചു, നിങ്ങൾ പോയിനോക്കൂ’ എന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞ ഭൂമി ഇന്ന് കാടുകയറിയ നിലയിലാണെന്നും സിപിഐഎം പറഞ്ഞു.



