ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം; നാമനിർദ്ദേശം ചെയ്ത് ഡിസിസി പ്രസിഡൻറ് സി.പി മാത്യു

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നാമനിർദ്ദേശം ചെയ്ത് ഡിസിസി പ്രസിഡൻറ് സി.പി മാത്യു. നിഖിൽ പൈലി അടക്കം അഞ്ചു പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദ്ദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറിയുടെ അംഗീകാരം ലഭിച്ചാൽ നിഖിൽ പൈലി ഡിസിസി അംഗമാവും.

2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. എന്നാൽ, പ്രതിയാണെങ്കിലും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഡിസിസി അംഗമായി നാമനിർദേശം ചെയ്തിരിക്കുന്നത്.

ഡിസിസി അംഗമായി നാമനിർദേശം ചെയ്തതിൽ നിഖിൽ പൈലി നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സി.പി മാത്യു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ നിലപാടിൽ തെറ്റില്ല എന്നാണ് ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറയുന്നത്. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന മറുചോദ്യവും ഡിസിസി പ്രസിഡന്റ് ചോദിക്കുന്നുണ്ട്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി. ഡിസിസി അംഗം പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊലക്കേസ് പ്രതി എത്തുന്നതിൽ പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുള്ളവരുണ്ട്.

Related Articles

Back to top button