പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണപ്പിരിവ്….ഒരാൾ പിടിയിൽ…

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് (പിഎ) പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. എംഎൽഎയുടെ നാട്ടിലുള്ള ഒരു സ്ത്രീ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപം ലോട്ടറിക്കട നടത്തുന്ന സജിത്തിനെ ‘സുരേഷ്’ എന്ന് പരിചയപ്പെടുത്തിയയാൾ ഫോണിൽ ബന്ധപ്പെട്ടത്.
ആദ്യം 1000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ മാത്രമേ നൽകാനാകൂവെന്ന് സജിത്ത് അറിയിച്ചു. ആളെ നേരിട്ട് അയയ്ക്കാമെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി പണം അയയ്ക്കാമെന്നും അതിനായി ഫോൺ നമ്പർ നൽകണമെന്നും സജിത്ത് ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ട ശേഷമാണ് ‘സുരേഷ്’ നമ്പർ കൈമാറിയത്.



