മൈക്കൽ ജാക്‌സനെതിരെ പുതിയ ലൈംഗികാരോപണം; ‘മയക്കുമരുന്ന് നൽകി ദീർഘകാലം പീഡിപ്പിച്ചു’, നാലു സഹോദരങ്ങൾ കോടതിയിൽ

അന്തരിച്ച പോപ് താരം മൈക്കൽ ജാക്‌സണെതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി നാല് സഹോദരങ്ങൾ രംഗത്ത്. ജാക്‌സന്റെ എസ്റ്റേറ്റിനെതിരെ (മരണശേഷം മൈക്കൽ ജാക്‌സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ) സിവിൽ നിയമനടപടിയുമായി ഫെബ്രുവരിയിലാണ് ഇവർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പരാതിക്കാരായ ഇവർ നാല് പേരും ന്യൂയോർക്ക് ടൈംസിന് അഭിമുഖം നൽകിയതോടെയാണ് സംഭവം ഇപ്പോൾ പുറംലോകമറിയുന്നത്.

ന്യൂജേഴ്സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് പരാതിക്കാർ. 2000-കളിൽ ജാക്‌സണുമായി ഉണ്ടായിരുന്ന ബന്ധത്തിനിടെ തങ്ങൾക്ക് പീഡനം നേരിട്ടതായി അവർ ആരോപിക്കുന്നു. പരാതിക്കാരുടെ പിതാവ് ജാക്‌സൺ താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ ജോലി ചെയ്തിരുന്നതാണ് ഈ ബന്ധത്തിന് വഴിയൊരുക്കിയത്. കോൺസെർട്ട് ടൂറുകളിലൊപ്പവും, സ്വന്തം കുട്ടികളുമായി തങ്ങളുടെ വീട് സന്ദർശിക്കാനെത്തുമ്പോഴുമെല്ലാമാണ് ദുരനുഭവങ്ങൾ ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പീഡനസമയത്ത് ഇതേക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് അറിവുണ്ടിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ മയക്കുമരുന്ന് നൽകി ദീർഘകാലം പീഡിപ്പിച്ചുവെന്നും, സംഭവങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെക്കാൻ മനോവിജ്ഞാനപരമായ സ്വാധീനം ചെലുത്തിയെന്നും അവർ ആരോപിക്കുന്നു. ചിലർക്ക് അന്ന് ഏഴ് മുതൽ എട്ട് വയസ്സ് മാത്രമായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റ് ഈ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു. ഇത് സാമ്പത്തിക ലാഭത്തിനായി കൊണ്ടുവന്ന കേസാണെന്നാണ് അവരുടെ നിലപാട്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതിന്റെ കാരണം എന്താണെന്ന ചോദ്യം അവർ ഉയർത്തുന്നു. ജാക്‌സന്റെ മരണത്തിന് 15 വർഷങ്ങൾക്കുശേഷമാണ് കേസ് ഉയർന്നത് എന്നതും അവർ ചൂണ്ടിക്കാട്ടി.

ജീവിച്ചിരിക്കുമ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്ന മൈക്കൽ ജാക്‌സന്റെ പേര് മരണശേഷവും ലക്ഷ്യമിടാൻ കാരണം അദ്ദേഹത്തിന്റെ കഴിവും വിജയവുമാണെന്നും എസ്‌റ്റേറ്റിനെ പ്രതിനിധീകരിച്ച് അറ്റോർണി മാർട്ടിൻ സിംഗർ പറഞ്ഞു.

Related Articles

Back to top button