ബാഴ്‌സലോണയുടെ ചാരത്ത് മെസിയുടെ പുതിയ സാമ്രാജ്യം…. അഞ്ചാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കി ഇതിഹാസ താരം

ഫുട്ബോൾ മൈതാനത്തെ റെക്കോർഡുകളെല്ലാം തന്റെ പേരിലാക്കിയ ലയണൽ മെസി ഇനി പുതിയൊരു റോളിൽ. സ്പെയിനിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരം. താൻ കളിച്ചു വളർന്ന ബാഴ്സലോണയുടെ തൊട്ടടുത്തുള്ള ക്ലബ്ബിനെ സ്വന്തമാക്കിയതിലൂടെ വലിയൊരു നിക്ഷേപത്തിനാണ് മെസി തുടക്കമിട്ടിരിക്കുന്നത്.

സ്പെയിനിലെ നിയ പ്രവിശ്യയിലുള്ള ‘യൂണിയോ എസ്പോർട്ടീവോ കോർണല്ല’ (UE Cornellà) എന്ന ക്ലബ്ബാണ് മെസി സ്വന്തമാക്കിയത്. ക്ലബ്ബിന്റെ നൂറ് ശതമാനം ഓഹരികളും തന്റെ പേരിലാക്കിയ താരം, ടീമിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തു. 1951 ഏപ്രിലിൽ സ്ഥാപിതമായ ഈ ക്ലബ്ബിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2013-14 സീസണിൽ അഞ്ചാം ഡിവിഷൻ ലീഗിൽ ചാമ്പ്യന്മാരായ ചരിത്രവും കോർണല്ലയ്ക്കുണ്ട്. നിലവിൽ സ്പാനിഷ് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഈ ക്ലബ്. 3700 പേർക്ക് ഇരിക്കാവുന്ന സ്വന്തം ഹോം ഗ്രൗണ്ടും ക്ലബ്ബിന്റെ ആസ്തിയിലുണ്ട്. ക്ലബ് വാങ്ങാനായി മെസി മുടക്കിയ തുക എത്രയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബാഴ്സലോണയുമായുള്ള വൈകാരിക ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലയണൽ മെസിയെപ്പോലെ ലോകത്തെ ഏറ്റവും മികച്ച താരം തന്നെ ക്ലബ്ബിനെ ഏറ്റെടുക്കാൻ എത്തിയത് ടീമിന്റെ ദീർഘകാല വളർച്ചയ്ക്ക് വലിയ ഗുണകരമാകുമെന്ന് നിലവിലെ മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു. മെസിയുടെ വരവോടെ ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രശസ്തിയിലും വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അർജന്റീനയ്ക്കും ഇന്റർ മിയാമിക്കുമായി മികച്ച പ്രകടനം തുടരുന്നതിനിടയിലാണ് ബിസിനസ് രംഗത്തും മെസി തന്റെ കരുത്ത് തെളിയിക്കുന്നത്. സ്പാനിഷ് ഫുട്ബോളിന്റെ താഴേത്തട്ടിൽ നിന്ന് പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ മെസിയുടെ ഈ നീക്കം സഹായകമായേക്കും.

Related Articles

Back to top button