മെസി വരുമെന്ന് പ്രഖ്യാപിച്ചു… കരാറില്ലെന്ന് അന്വേഷണ റിപ്പോർട്ട്….

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തുടർനടപടികൾക്കായാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കായികമന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളുമുണ്ടെന്നാണ് വിവരം. മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ കരാറില്ലെന്നതാണ് പ്രധാന കണ്ടെത്തലുകളിലൊന്ന്. റിപ്പോർട്ടിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മന്ത്രി സ്പെയിനിലെത്തി അർജന്റീന അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ വിദേശയാത്രയും പിന്നീട് വിവാദമായിരുന്നു. മെസിയെ കേരളത്തിലെത്തിക്കാൻ 126 കോടി രൂപ ചെലവഴിച്ചുവെന്ന് അവകാശപ്പെട്ട് സ്പോൺസറും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് ജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണം ഉയർന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്. ഇതിന് പിന്നാലെയാണ് കായികവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

കായികവകുപ്പ് സെക്രട്ടറി മന്ത്രിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞ നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർജന്റീന കൊച്ചിയിലെത്തി ഓസ്ട്രേലിയക്കെതിരെ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാൽ ഇന്ത്യയിൽ ഇത്തരമൊരു മത്സരം നടത്തുന്നതായി അർജന്റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിരുന്നില്ല.

Related Articles

Back to top button