യൂണിഫോമിനെന്ന് പറഞ്ഞ് 7 ലക്ഷം തട്ടി… പൊലീസുകാരൻ…

തിരുവനന്തപുരം: യൂണിഫോം വാങ്ങുന്നതിനെന്ന പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം രൂപയോളം തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ശംഭു. പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും തയ്ക്കുന്നതിനുമായി ശേഖരിച്ച പണമാണ് ഇയാൾ തട്ടിയെടുത്തത്.

എസ്.എ.പി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 വിഭാഗങ്ങളിലെ ട്രെയിനികളിൽ നിന്നാണ് പണം ശേഖരിച്ചത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. സഹപ്രവർത്തകർ നൽകിയ പണം എസ്.എ.പി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടയ്ക്കേണ്ടതായിരുന്നു. എന്നാൽ തുക യഥാസമയം അടയ്ക്കാതെ വന്നതോടെ ട്രെയിനികൾ പരാതിയുമായി അധികൃതരെ സമീപിച്ചു. തുടർന്ന് എസ്.എ.പി ബറ്റാലിയനിലെ താൽക്കാലിക ഓഫീസർ കമാൻഡിങ് മുജീബ് റഹ്‌മാൻ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് ശംഭുവിനെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് ശംഭു പൊലീസിന് നൽകിയ മൊഴി. പണംവച്ച് ഓൺലൈൻ ഗെയിം കളിച്ചിരുന്നതായി എഫ്ഐആറിലും പരാമർശിക്കുന്നുണ്ട്.

Related Articles

Back to top button